പത്തനംതിട്ട: മണ്ഡലപൂജയ്ക്കായി സന്നാഹങ്ങൾ സജ്ജമെന്ന് എഡിഎം അറിയിച്ചു. പി വിഷ്‌ണുരാജിന്‍റെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് മണ്ഡലപൂജയ്ക്കായുള്ള വിലയിരുത്തല്‍ നടന്നത്. ക്യൂ കോംപ്ലക്‌സിൽ തീർഥാടകർക്കായി ആറുഭാഷയിലുള്ള അറിയിപ്പുകൾ നൽകുമെന്നും അറിയിച്ചു.
മണ്ഡലപൂജയ്ക്കായി അയ്യന് ചാർത്താൻ കൊണ്ടുവരുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്കു സുരക്ഷയൊരുക്കാൻ പമ്പയിൽനിന്ന് തീർഥാടകരെ നിയന്ത്രിക്കുമെന്ന് സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫിസർ ആർ. ആനന്ദ് പറഞ്ഞു. അസിസ്റ്റന്‍റ് സ്‌പെഷൽ ഓഫിസറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ അനുഗമിക്കും. ശബരിമലയിലെ ജലവിതരണം അടക്കമുള്ള അടിയന്തര അറ്റകുറ്റപ്പണികൾ മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ഇടവേളയിൽ പൂർത്തിയാക്കാനും യോഗത്തിൽ നിർദേശമുയർന്നു.
സന്നിധാനത്തെ ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്‍റ് സ്‌പെഷൽ ഓഫിസർ പി. നിതിൻരാജ്, ആർ.എ.എഫ് ഡെപ്യൂട്ടി കമാൻഡന്‍ ജി. വിജയൻ, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മനോജ് രാജൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.