പത്തനംതിട്ട: തെരുവ് നായയുടെ ആക്രമണത്തിൽ പേവിഷ ബാധയേറ്റ് മരിച്ച അഭിരാമിയുടെ മരണത്തിന് ഉത്തരവാദികളായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം പ്രക്ഷോഭത്തിലേയ്‌ക്ക്. അഭിരാമിക്ക് അടിയന്തര ചികിത്സ വൈകാന്‍ കാരണക്കാരായ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിലെയും പത്തനംതിട്ട ജനറല്‍ ആശുപത്രി ഉദ്യോഗസ്ഥര്‍ക്കെതിരയും നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് എസ്‌എന്‍ഡിപി ഇക്കാര്യം ഉന്നയിച്ചത്.
ഉദ്യോഗസ്ഥര്‍ക്കെതിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കും. ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കും. ജില്ലയിലെ 6 എസ്.എന്‍.ഡി.പി യുണിയനുകൾ ചേർന്നു ജില്ല കലക്‌ടര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
കുടുംബത്തെ കാണാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല: അഭിരാമിയുടെ കുടുംബത്തെ കാണാന്‍ ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കലക്‌ടര്‍ എന്നിവര്‍ തയ്യാറായില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണം പ്രഹസനമാകാതിരിക്കാന്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റി നിറുത്തണമെന്നും വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
ആഗസ്റ്റ് 13ന് രാവിലെ വീടിന് സമീപം വച്ചാണ് പാലുവാങ്ങാന്‍ പോയ അഭിരാമിയെ തെരുവുനായ കടിച്ചത്. നിലത്തുവീണ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിലും നായ കടിച്ചു. കണ്ണിന് സമീപം ആഴത്തില്‍ നഖം കൊണ്ടുള്ള മുറിവേല്‍ക്കുകയും ചെയ്തു.
മാതാപിതാക്കള്‍ പെരുനാട് ആശുപത്രിയില്‍ ആദ്യം എത്തിച്ചു. അവിടെ ചികിത്സ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ പെരുനാട് പൊലീസാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു വേണ്ട വാഹന സൗകര്യം ചെയ്തുകൊടുത്തത്.
മാതാപിതാക്കളെ കൊണ്ട് മുറുവ് കഴുകിച്ചു: പെരുനാട് ആശുപത്രിയില്‍ ആംബുലന്‍സിന് ഡ്രൈവർ ഇല്ലായിരുന്നു. പത്തനംതിട്ട ജനറല്‍ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുന്നതിന് മൂന്ന് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു .മുറിവ് വൃത്തിയാക്കുവാനുള്ള സോപ്പ് വാങ്ങാന്‍ മാതാപിതാക്കളെ പുറത്ത് പറഞ്ഞുവിട്ടു. അവരെക്കൊണ്ടു തന്നെ മുറിവ് കഴുകിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. പേവിഷബാധയുള്ള നായയാണ് കടിച്ചതെന്ന് സംശയിക്കുന്നതായി ഡ്യൂട്ടിയിലുള്ള ഡോക്‌ടറോട് പറഞ്ഞിട്ടും ഗൗനിച്ചില്ല.കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു.
തുടര്‍ന്ന് കുട്ടിക്ക് ആദ്യ വാക്‌സിന്‍ നല്‍കി. മറ്റ് കുഴപ്പങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് കുട്ടിയെ 15ന് ഡിസ്‌ചാര്‍ജ് ചെയ്‌ത വീട്ടിലേക്ക് വിട്ടു . ഡോക്‌ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഓഗസ്റ്റ്16നും 20നും പെരുനാട് പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെത്തി വാക്‌സിന്‍ എടുത്തു.
എന്നാല്‍, കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സെപ്‌തംബര്‍ രണ്ടിന് കുട്ടിയെ വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.അഭിരാമിയുടെ മുത്തച്ഛൻ പി.കെ.ശശിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയന്‍, റാന്നി യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ മണ്ണടി മോഹനന്‍, പത്തനംതിട്ട യൂണയന്‍ സെക്രട്ടറി ഡി.അനില്‍കുമാര്‍, തിരുവല്ല യൂണിയന്‍ സെക്രട്ടറി അനില്‍ എസ്. ഉഴത്തില്‍, അടൂര്‍ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ.എം.മനോജ്‌കുമാര്‍, സംയുക്തസമിതി പ്രസിഡന്റ് പ്രമോദ് വാഴംകുഴി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിന് നേതൃത്വം നല്‍കി.