പത്തനംതിട്ട: എനാദിമംഗലത്ത് വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഞായറാഴ്‌ച രാത്രിയാണ് ഏനാദിമംഗലം വടക്കെ ചെരിവിൽ സുജാതയെ ഗുണ്ട സംഘം ആക്രമിച്ചത്. കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്. ഇവരിൽ 12 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും ആക്രമിക്കാനാണ് സംഘം ഞായറാഴ്‌ച രാത്രി മാരകായുധങ്ങളുമായി മാരൂരുള്ള സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. എന്നാൽ ഇരുവരും വീട്ടിൽ ഇല്ലാത്തതിനാൽ ഗുണ്ട സംഘം സുജാതയെ ആക്രമിക്കുകയായിരുന്നു.
കതക് പൊളിച്ച് വീട്ടില്‍ കയറിയ അക്രമി സംഘം വീട് തകര്‍ക്കുകയും വീട്ടുസാധനങ്ങള്‍ മുറ്റത്തെ കിണറില്‍ വലിച്ചെറിയുകയും ചെയ്‌തു. സുജാതയ്ക്ക് തലക്ക് കമ്പി വടികൊണ്ടുള്ള അടിയേറ്റു. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ വാരിയെല്ലുകൾക്കും പരിക്കേറ്റു. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജാത ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിക്കുന്നത്.
മാരൂർ മുളയംങ്കോട് ചെമ്മണ്ണേറ്റം ഭാഗത്തെ വസ്‌തുവിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് വീട് ആക്രമിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. മുളയംങ്കോട് സ്വദേശി സന്ധ്യയുടെ വസ്‌തുവിലെ മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മുളയംങ്കോട് മോഹനൻ മക്കളായ ശരൺ, ശരത് എന്നിവരാണ് മണ്ണ് മാറ്റുന്ന സംഘവുമായി തർക്കത്തിലേർപ്പെട്ടത്. തർക്കം ഉടലെടുത്തതോടെ മണ്ണ് മാറ്റുന്ന സംഘം സൂര്യലാലിന്‍റെ നേതൃത്വത്തിലുള്ള ഗുണ്ട സംഘത്തെ സ്ഥലത്തിറക്കുകയായിരുന്നു. പരിശീലനം ലഭിച്ച നായയുമായാണ് സൂര്യലാലും സംഘവും എത്തിയത്.
ALSO READ: കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട് കയറി ആക്രമിച്ചു, ചികിത്സയിലിരിക്കെ മരണം
മോഹനന്‍റെ വീട്ടിൽ അക്രമം നടത്തിയ സംഘം വീട്ടിലെ കുട്ടിയെ നായയെകൊണ്ട് കടിപ്പിച്ചതായും പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് ഒരു സംഘം സുജാതയുടെ വീട് കയറി അക്രമം നടത്തിയത്. മണ്ണെടുപ്പ് തർക്കം നടന്ന സ്ഥലം ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലും മരിച്ച സുജാതയുടെ വീട് അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ്.
സംഭവത്തിന് ദൃക്‌സാക്ഷിയായ നന്ദിനിയെന്ന അയൽവാസി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ ഏനാത്ത് പൊലീസും കൊലപാതകത്തിന് അടൂർ പൊലീസും കേസെടുത്തു. രണ്ട് സംഭവങ്ങളും ചേർത്ത് അടൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.