ശബരിമല: പുണ്യം പൂങ്കാവനം പദ്ധതിയുടെ സന്ദേശം തീർത്ഥാടകരിലേക്ക് എത്തിക്കാൻ വീഡിയോ വാൾ സന്നിധാനത്ത് സ്ഥാപിച്ചു. വലിയ നടപ്പന്തലിലാണ് വീഡിയോ വാൾ സ്ഥാപിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു വീഡിയോ വാളിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉത്തരവാദിത്വത്തോടെയും അവബോധത്തോടെയുമുള്ള തീര്‍ത്ഥാടനം എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയായ പുണ്യം പൂങ്കാവനത്തിന്റെ സന്ദേശങ്ങൾ 24 മണിക്കൂറും സ്ക്രീനിൽ പ്രദർശിപ്പിക്കും.
പ്ലാസ്റ്റിക് വര്‍ജ്ജനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരിസര ശുചിത്വം, പമ്പാനദിയുടെ സംരക്ഷണം, അച്ചടക്കം, വാക്കിലും പ്രവൃത്തിയിലും ചിന്തയിലും നന്മയും ശുദ്ധിയും പുലര്‍ത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെ 2010-11 മണ്ഡലക്കാലത്ത് അന്നത്തെ സ്പെഷ്യല്‍ ഓഫീസറും ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേഷന്‍ ഐജിയുമായ പി.വിജയന്‍റെ ആശയത്തില്‍ നിന്ന് ആരംഭിച്ചതാണ് 'പുണ്യം പൂങ്കാവനം'പദ്ധതി. സ്വാമിയുടെ പൂങ്കാവനം എപ്പോഴും ശുചിയായിരിക്കാന്‍ സന്നിധാനത്ത് ജോലിക്ക് എത്തുന്നവരും ദര്‍ശനത്തിന് എത്തുന്നവരും ചേര്‍ന്ന് രാവിലെ ഒന്‍പതുമുതല്‍ പത്തുവരെ ഒരുമണിക്കൂര്‍ ശുചീകരണപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.