പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശി എ കെ സുധീർ നമ്പൂതിരിയാണ് പുതിയ മേൽശാന്തി. മാളികപ്പുറം മേൽശാന്തിയായി എം എസ് പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. അരീക്കര കുടുംബാംഗമായ എം എസ് പരമേശ്വരൻ ആലുവ പാറക്കടവ് സ്വദേശിയാണ്. മേല്‍ശാന്തിമാരുടെ അഭിമുഖത്തില്‍ യോഗ്യത നേടിയ ഒമ്പത് പേര്‍ വീതമുള്ള രണ്ട് പട്ടികയിൽ നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
പന്തളം കൊട്ടാരത്തിലെ മാധവ് വർമ്മയും കാഞ്ചന വർമ്മയും ചേർന്ന് നറുക്കെടുത്തു. ഈ വര്‍ഷം മുതല്‍ ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നിമാസം ഒന്ന് മുതല്‍ 31 വരെ ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കണം. ക്ഷേത്ര പൂജകളും കാര്യങ്ങളും കൂടുതലായി മനസ്സിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ മേല്‍ശാന്തിമാര്‍ക്കായി ദേവസ്വം ബോര്‍ഡ് ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി സെപ്തംബറിൽ നട തുറക്കും.