പത്തനംതിട്ട: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിരീക്ഷണത്തിന്‍റെ ഭാഗമായി തുരുവല്ലയിൽ റെയിൽവേ സ്‌റ്റേഷനിലും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലും ഹെൽപ് ഡെസ്‌കും സ്‌ക്രീനിങ്ങ് സെന്‍ററും തുടങ്ങി. ആരോഗ്യവകുപ്പ്, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവയിലെ പത്ത് അംഗങ്ങളാണ് ഓരോ സംഘത്തിലും ഉള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ അടക്കം വിവരശേഖരണമാണ് ലക്ഷ്യം. പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തുന്നവരെ ആശുപത്രി നിരീക്ഷണത്തിലാക്കും.
റെയിൽവേ സ്‌റ്റേഷനിൽ 187 യാത്രക്കാരാണ് ഞായറാഴ്‌ച എത്തിയത്. ഇതിൽ 40 പേർ ഹെൽപ്പ് ഡെസ്‌കിൽ രജിസ്റ്റർ ചെയ്‌തു. ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. കെ.എസ്.ആർ.ടി.സിയിൽ 11 പേരാണ് രജിസ്റ്റർ ചെയ്‌തത്. മാർച്ച് 30 വരെ സെന്‍റർ പ്രവർത്തിക്കും. തിരുവല്ലയിൽ വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഏഴുപേരെ ഞായറാഴ്‌ച ഗാർഹിക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുൾപ്പടെ 267 പേരാണ് മേഖലയിൽ ഗാർഹിക നിരീക്ഷണത്തിലുളളത്. ഇവരിൽ ആരിലും തന്നെ രോഗബാധ കണ്ടെത്തിയിട്ടില്ല.