പത്തനംതിട്ട : ഓമല്ലൂരില്‍ 70കാരന്‍ ആത്മഹത്യ ചെയ്‌തത് ലൈഫ് പദ്ധതി പ്രകാരമുള്ള വീടുപണി പൂർത്തീകരിക്കാൻ ഫണ്ട് ലഭിക്കാത്തതിന്‍റെ മനോവിഷമത്തിലെന്ന് കുടുംബം. ലോട്ടറി കച്ചവടം നടത്തുന്ന ഗോപിയെ (70) ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു (suicide in pathanamthitta). ലൈഫ് പദ്ധതി പ്രകാരമുള്ള വീട് പണി പൂർത്തീകരിക്കാൻ ഫണ്ട് ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് ഗോപി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്.
ഇന്നലെ രാവിലെയാണ് ഓമല്ലൂർ പള്ളത്തെ റോഡരികിൽ ഗോപിയുടെ മൃതദേഹം കണ്ടെത്തിയത്. ഓമല്ലൂര്‍ പഞ്ചായത്ത് പള്ളത്ത് സ്വകാര്യ ഗ്യാസ് ഏജന്‍സി ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓമല്ലൂര്‍ സ്വദേശി ഗോപിയാണ് (70) മരിച്ചതെന്ന് സ്ഥിരീകരിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും തുടര്‍ന്ന് ഫൊറൻസിക് സംഘവും സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന്, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന കുറിപ്പ് പൊലീസ് കണ്ടെത്തി. ജീവിതത്തില്‍ പരാജയപ്പെട്ടുപോയി എന്നും ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിര്‍മാണം എങ്ങും എത്തിയില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഭാര്യ സ്ട്രോക്ക് വന്ന് കിടപ്പിലായതും ഗോപിയെ മനോവിഷമത്തിലാക്കിയിരുന്നു. വീടുപണി പൂർത്തിയാക്കാനുള്ള ഫണ്ടിനെ കുറിച്ച് ഗോപി പഞ്ചായത്തില്‍ പോയി അന്വേഷിച്ചിരുന്നെങ്കിലും പണം വന്നിട്ടില്ലെന്നാണ് അറിയിച്ചിരുന്നത്. ഇതില്‍ ഗോപിക്ക് വലിയ മനപ്രയാസം ഉണ്ടായിരുന്നെന്നും ഗോപിയുടെ മകള്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴയിലെ കർഷകന്‍റെ ആത്മഹത്യ : ആലപ്പുഴയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നെൽകർഷകൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് ഈ സംഭവവും. 20 വർഷത്തിൽ ഏറെയായി കൃഷിചെയ്‌തിരുന്ന പ്രസാദ് എന്ന കർഷകനാണ് ഇന്നലെ ആത്മഹത്യ ചെയ്‌തത് (Alappuzha). കൃഷിയില്‍ പരാജയപ്പെട്ടു എന്ന് ബന്ധുവുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും സംഭവത്തിന് പിന്നാലെ പുറത്ത് വന്നിരുന്നു.
വായ്‌പയ്ക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചെങ്കിലും പണം ലഭിച്ചില്ല. പിആര്‍എസ് കുടിശ്ശിക ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അധികൃതർ വായ്‌പ നിഷേധിച്ചത്. പിആര്‍എസ് കുടിശ്ശിക സര്‍ക്കാര്‍ അടയ്ക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. താനില്ലാതെ വന്നാല്‍ തന്‍റെ കുടുംബത്തിന് ഒരു പ്രശ്‌നവും വരാതെ നോക്കിക്കൊള്ളണമെന്നും പ്രസാദിന്‍റെ ഫോൺ സംഭാഷണങ്ങളിലുണ്ട്. കർഷകന്‍റെ ആത്മഹത്യക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821