പത്തനംതിട്ട: ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഉൾപ്പെടെ 4 പേർ മുങ്ങി മരിച്ചു. തിരുവല്ല മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളാണ് മരിച്ചത്. തിരുനല്‍വേലി സ്വദേശി കാര്‍ത്തിക് (16), തെങ്കാശി തിരുനല്‍വേലി പനവടലി സത്രത്തില്‍ ശബരി (15) എന്നിവരാണ് മല്ലപ്പളളിയില്‍ മണിമലയാറ്റിലെ വടക്കന്‍ കടവില്‍ മുങ്ങി മരിച്ചത്.
മല്ലപ്പള്ളിയില്‍ ബന്ധുവീട്ടില്‍ വന്നതായിരുന്നു ഇവര്‍. വടക്കന്‍ കടവിലെ കയത്തിലാണ് ഒഴുക്കില്‍പ്പെട്ടത്. ഇവരുടെ കുടുംബം തൃശൂര്‍ കൊടകരയില്‍ താമസിക്കുകയാണ്. ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എട്ട് കുട്ടികൾ വീട്ടുകാരോട് പറയാതെയാണ് മല്ലപ്പള്ളി മണിമലയാറ്റിലെ വടക്കന്‍ കടവില്‍ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്ന് കുട്ടികൾ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ രണ്ട് പേരാണ് മുങ്ങിമരിച്ചത്.
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു: തിരുവല്ല അപകടത്തിന് പിന്നാലെ ഞായറാഴ്‌ച വൈകിട്ട് നാലു മണിയോടെയാണ് അച്ചന്‍കോവിലാറ്റില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. കൈപ്പട്ടൂര്‍-പന്തളം റോഡിന് സമീപത്ത് പരുമല കുരിശടിക്ക് സമീപം കോയിക്കല്‍ കടവിലാണ് ഏനാത്ത്, ഏഴംകുളം സ്വദേശികളായ വിശാഖ് (20), സുധീഷ് (25) എന്നിവര്‍ അപകടത്തില്‍പ്പെട്ടത്.
സുധീഷിന്റെ ബന്ധുവായ അരുണിനൊപ്പമാണ് ഇവര്‍ കുളിക്കാനായി പോയത്. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അരുണ്‍ ബഹളം വച്ചത് കേട്ട് തൊട്ടടുത്ത കടവില്‍ കുളിച്ചുകൊണ്ടിരുന്നയാൾ രക്ഷിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ മുങ്ങി താഴുകയായിരുന്നു.