പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കല്ലേപ്പുള്ളി കുറുപ്പത്ത് വീട്ടിൽ സുബ്രിൻലാൽ(30) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ സുബ്രിൻലാലിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും.
ഗൂഢാലോചനയിൽ പങ്കെടുത്ത ഇരട്ടക്കുളം സ്വദേശി വിഷ്‌ണുപ്രസാദ്(23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു(മൊണ്ടി മനു-31) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവർക്കൊപ്പം സുബ്രിൻലാലും ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മൂന്ന് പ്രതികളെയും കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ഇതിനായി അടുത്ത ദിവസം പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ഗൂഢാലോചനയിൽ കൂടുതൽപേർ പങ്കെടുത്തിട്ടുണ്ടോ എന്നറിയാൻ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ്(41), എടുപ്പുകുളം എൻ.വി ചള്ള ആറുമുഖൻ(37), മരുതറോഡ് ആലമ്പള്ളം ശരവണൻ(33) എന്നിവർ റിമാൻഡിലാണ്. ആവശ്യമെങ്കിൽ ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എസ്. ഷംസുദ്ദീന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.