പാലക്കാട്: മൂന്ന് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍. എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ എ രമേശിന്‍റെ നേതൃത്വത്തിലുള്ള എഇസി സ്‌ക്വാഡും ചിറ്റൂർ റേഞ്ച് ഓഫീസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചിറ്റൂർ-തത്തമംഗലം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ചിറ്റൂർ പുതുനഗരം സ്വദേശി സമീർ (21) അറസ്റ്റിലായത്.
വാഹനപരിശോധന നടത്തുന്നതിനിടെയാണ് കെഎല്‍ 13 എഎന്‍ 126 നമ്പർ ബജാജ് പൾസർ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും വൻ തോതിൽ കഞ്ചാവ് കൊണ്ട് വന്ന് തത്തമംഗലം, പുതുനഗരം, കൊടുവായൂർ, കൊല്ലങ്കോട് എന്നിവിടങ്ങളിൽ ചെറിയ പൊതികളാക്കി ചില്ലറ വില്‍പന നടത്തുന്നതിന് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നാണ് എക്‌സൈസിന്‍റെ പ്രാഥമിക നിഗമനം. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ രണ്ടര ലക്ഷത്തോളം വിലവരും. പ്രതിയെയും കഞ്ചാവും ബൈക്കും കസ്റ്റഡിയിൽ എടുത്തു.