പാലക്കാട് : കെ സുധാകരന്‍ ആര്‍എസ്‌എസിനോട് സ്വീകരിച്ച മൃദു സമീപനം അംഗീകരിക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. അട്ടപ്പാടിയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ല ക്യാമ്പില്‍ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തിലാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വിമര്‍ശനമുള്ളത്. എത്ര വലിയ നേതാവാണെങ്കിലും ആര്‍എസ്‌എസിന് സംരക്ഷണം നല്‍കുന്ന രീതിയില്‍ സംസാരിച്ചാല്‍ അത് നാക്കുപിഴയായി കണക്കാക്കി മിണ്ടാതിരിക്കാന്‍ ആകില്ലെന്ന് പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.
കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച പ്രമേയത്തില്‍ ശശി തരൂരിന് പിന്തുണ അറിയിച്ചും അഭിപ്രായമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനസ്വാധീനമുള്ള, നാട്ടുകാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരു നേതാവിനും ഭ്രഷ്‌ട് കൽപ്പിക്കാൻ അനുവദിക്കില്ല. അവർക്ക് വേദി നൽകാൻ യൂത്ത് കോൺഗ്രസ് തയ്യാറാകുമെന്നും പ്രമേയത്തിൽ പറയുന്നു. പ്രമേയത്തിൽ മുൻ ഡിസിസി പ്രസിഡന്‍റ് വി കെ ശ്രീകണ്‌ഠൻ എംപിയെ പ്രശംസിക്കുകയും നിലവിലെ ഡിസിസി നേതൃത്വത്തെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.
യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് അരുൺകുമാർ പാലക്കുറുശ്ശിയാണ് പ്രമേയം അവതരിപ്പിച്ചത്. പാലക്കാട് ജില്ല ക്യാമ്പ് അട്ടപ്പാടിയില്‍ രണ്ടുദിവസമായി നടന്നുവരികയാണ്. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎയാണ് കഴിഞ്ഞ ദിവസം ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തത്.