പാലക്കാട്: ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പദയാത്ര 'ഹം ചലേ'യ്‌ക്ക് നാളെ തുടക്കം. ജില്ലാ പ്രസിഡന്‍റ് ടിഎച്ച് ഫിറോസ് ബാബുവിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര ഫെബ്രുവരി 10 മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് നടക്കുന്നത്. കൂറ്റനാട് മുതൽ പാലക്കാട് വരെ 81 കിലോമീറ്റർ പദയാത്രയാണ് നടത്തുന്നത്. ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിഎസ്‌സിയേയും എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്ന് ആരോപിച്ചുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പദയാത്ര.
ഫെബ്രുവരി 10ന് കൂറ്റനാട് നിന്ന് തുടങ്ങുന്ന പദയാത്ര സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. വിടി ബൽറാം എംഎൽഎ ഫ്ലാഗ് ഓഫ് നിർവഹിക്കും. ആദ്യ ദിവസം കാൽനടയായി പട്ടാമ്പിയിലെത്തുന്ന പ്രവര്‍ത്തകര്‍ അവിടെ താമസിക്കും. രണ്ടാം ദിവസം ഒറ്റപ്പാലത്തും മൂന്നാം ദിവസം പറളിയിലും പദയാത്ര നടത്തും.
പദയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ നൽകുന്ന സ്വീകരണത്തിൽ എംപിമാർ, എംഎൽഎമാർ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ-സംസ്ഥാന നേതാക്കൾ, കെപിസിസി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. 16ന് പാലക്കാട് ടൗണിൽ യുവജന റാലിയും തുടർന്ന് കോട്ട മൈതാനത്ത് പൊതു സമ്മേളനവും നടത്തും. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയാണ് പൊതു സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
വാര്‍ത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്‍റ് ടിഎച്ച് ഫിറോസ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി കെഎം ഫെബിൻ, സംസ്ഥാന സെക്രട്ടറിമാരായ സജേഷ് ചന്ദ്രൻ, എ.കെ ഷാനിബ്, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, ഷാലി പൊയിലൂർ എന്നിവർ പങ്കെടുത്തു.