പാലക്കാട്: വിദ്യാർഥികളെ ഇറക്കി മത്സരം കടുപ്പിച്ച് ഇടതുപക്ഷം. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിൽ നിന്നുമാണ് രണ്ട് വിദ്യാർഥികൾ ഇടതുപക്ഷ സ്ഥാനാർഥികളായി മത്സര രംഗത്തേക്ക് എത്തുന്നത്. 24 കാരനായ നീരജും, 22കാരനായ രോഹിത്തുമാണ് സ്ഥാനാർഥികളായി എത്തുന്നത്. നീരജ് ജില്ലാ പഞ്ചായത്തിലേക്കും രോഹിത്ത് പഞ്ചായത്തിലേക്കുമാണ് മത്സരിക്കുന്നത്.
നീരജ് പുതുച്ചേരി യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസ് രണ്ടാം വർഷ പിജി വിദ്യാർഥിയാണ്. ബാലസംഘം പാലക്കാട് ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജോയിൻ സെക്രട്ടറിയായും വൈസ് പ്രസിഡന്‍റായും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറിയായും നീരജ് പ്രവർത്തിച്ചിട്ടുണ്ട്. നീരജ് മത്സരിക്കുന്നത് ഇടതുപക്ഷത്തിന് വ്യക്തമായ സ്വാധീനമുളള പെരുമുടിയൂർ ഡിവിഷനിൽ നിന്നാണ്. ഇടതുപക്ഷത്തിന്‍റെ സിറ്റിംഗ് സീറ്റായ പെരുമുടിയൂരിൽ ഭൂരിപക്ഷം വർധിപ്പിച്ച് സീറ്റ് നിലനിർത്താനാകുമെന്നാണ് നീരജ് പറയുന്നത്.
എന്നാൽ എസ് എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന രോഹിത്ത് മത്സരിക്കുന്ന ഓങ്ങല്ലൂർ പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിൽ കഴിഞ്ഞ ഇലക്ഷനിൽ എൽഡിഎഫ് മൂന്നാംസ്ഥാനത്തായിരുന്നു. ഇത്തവണ സീറ്റ് പിടിച്ചടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ഡിവൈഎഫ്ഐ മേഖല ഭാരവാഹിയും നാട്ടുകാരനുമായ രോഹിത്തിനെ പാർട്ടി സ്ഥാനാർഥി ആക്കിയത്. രോഹിത്തും തികഞ്ഞ ആത്മവിശ്വവാസത്തിലാണ്. കോളജ് പഠനത്തിന് ശേഷം മൈനോരിറ്റി വിഭാഗത്തിനുള്ള കോച്ചിംഗ് കേന്ദ്രത്തിൽ ക്ലർക്കായി ജോലി ചെയ്യുത് വരികെയാണ് പാർട്ടി സ്ഥാനാർഥിത്വം രോഹിത്തിനെ തേടിയെത്തിയത്.
ജയിച്ചു കഴിഞ്ഞാൽ നാടിന്‍റെ അടിസ്ഥാന വികസന കാര്യങ്ങളിൽ ശ്രദ്ധചെലുത്തുന്നതിനൊപ്പം യുവജനങ്ങളുടെയും വിദ്യാർഥികളുടെയും കലാകായിക മികവുകൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രത്യേക പ്രോജക്‌റ്റുകൾ നടപ്പിലാക്കാനും ഈ യുവ സ്ഥാനാർഥികൾക്ക് പദ്ധതിയുണ്ട്. രണ്ടുപേരുടെയും വിദ്യാർഥി കാലത്തെ സംഘടനാ പ്രവർത്തന മികവ് പരിഗണിച്ചാണ് സ്ഥാനാർഥിത്വം നൽകിയതെന്ന് സിപിഐഎം പ്രാദേശിക നേതാക്കൾ പറയുന്നു.