പാലക്കാട്: വേനല്‍ ശക്തമാകുമ്പോൾ പാലക്കാട് ജില്ലയില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. ഓരോ വേനലിലും കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തില്‍ കിണർ നിർമാണത്തിന്‍റെ തിരക്കാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി വനിതകളാണ് ഓങ്ങല്ലൂർ പഞ്ചായത്തില്‍ കിണർ നിർമിക്കുന്നത്. ഇതിനകം 368 കിണറുകളാണ് സ്ത്രീകൾ നിർമിച്ചത്.
ഈ വർഷം മാത്രം അറുപതോളം കിണറുകൾ നിർമിച്ചു കഴിഞ്ഞു. പഞ്ചായത്തിലെ 22 വാർഡുകളിലും ഇത്തരത്തില്‍ കിണർ നിർമാണം പുരോഗമിക്കുകയാണ്. ആദ്യം നിർമിച്ച 10 കിണറുകളിൽ വെള്ളം കണ്ടതായി പദ്ധതിയുടെ ചുമതലയുള്ള ഓവർസിയർ അൻസാർ പറഞ്ഞു. ഗ്രാമസഭകൾ വഴി അപേക്ഷ നൽകിയവർക്കാണ് ആദ്യഘട്ടത്തിൽ കിണർ നിർമിച്ചു നല്‍കുക. ആറ് സ്‌ത്രീകൾ അടങ്ങുന്ന സംഘമാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. കിണറ്റിലിറങ്ങി മണ്ണ് മാന്തുന്നതും കുട്ടയിൽ മണ്ണ് കയറ്റുന്നതുമെല്ലാം വനിതകൾ തന്നെ. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് വലിയ ആശ്വാസമായി മാറുകയാണ് പദ്ധതി.