പാലക്കാട്: ശിശുമരണങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ അട്ടപ്പാടിയെ സാങ്കേതിക വിദ്യയുടെ അടുത്ത തലത്തിലേക്ക് എത്തിക്കാൻ തയാറെടുത്ത് പന്ത്രണ്ടാം ക്ലാസുകാരനായ എ. ദയാനിധി. അട്ടപ്പാടിയുടെ ടൂറിസം മേഖല ശക്തമാക്കാൻ വെബ്‌സൈറ്റ് വഴി അട്ടപ്പാടിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് ദയാനിധി ലക്ഷ്യമിടുന്നത്.
അട്ടപ്പാടിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വ്യൂ പോയിൻ്റുകൾ, റിസോർട്ടുകൾ, പുഴകൾ, ബേക്കറികൾ, ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റ്, തിയേറ്റർ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി മുഴുവൻ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന വിധത്തിലാണ് വെബ്സൈറ്റ് നിർമിച്ചിരിക്കുന്നത്.
മക്കൾ രാജ പ്രൊഡക്ഷൻസ്
മുപ്പത് കൂട്ടുകാരുടെ സംഘത്തിന്‍റെ നേതൃത്വത്തിൽ മക്കൾ രാജ പ്രൊഡക്ഷൻസ് എന്ന പേരില്‍ വീട്ടുസാധനങ്ങളും ഭക്ഷണങ്ങളും വീട്ടുപടിക്കൽ എത്തിച്ച് നൽകാനുള്ള ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. സഹോദരൻ എട്ടാം ക്ലാസുകാരനായ കൃപാനിധി, സുഹൃത്തായ പ്ലസ് ടു വിദ്യാർഥി ശിവശങ്കർ എന്നിവരുടെ പിന്തുണയും ദയാനിധിക്കുണ്ട്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദയാനിധിക്ക് അച്ഛൻ ഒരു ലാപ്‌ടോപ് സമ്മാനിക്കുന്നത്. അത് വഴി ദയാനിധി ഒരു വ്യക്തിക്ക് വിവരങ്ങൾ എങ്ങനെയാണ് ലഭ്യമാകുന്നത് എന്നതിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ആ അന്വേഷണമാണ് ഇന്ന് സ്വന്തമായൊരു വെബ്സൈറ്റ് നിർമിക്കുന്നതിലേക്ക് ദയാനിധിയെ എത്തിച്ചത്.
ഒരു മാസം സമയമെടുത്താണ് ദയാനിധിയും സംഘവും വെബ്സൈറ്റും ആപ്ലിക്കേഷനും തയാറാക്കിയത്. നിർമാണ ചെലവിനാവശ്യമായ തുക രക്ഷിതാക്കളുടെ സഹായത്തോടെ കണ്ടെത്തി.
പഞ്ചായത്ത് ഒപ്പമുണ്ട്
ദയാനിധിയുടെ ഉദ്യമത്തെ പിന്തുണയ്ക്കാനാണ് ഷോളയൂർ പഞ്ചായത്തിൻ്റെ തീരുമാനം. ദയാനിധിയുടെ നൂതനാശയങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് പഞ്ചായത്ത് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി. രാമമൂർത്തിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ വച്ച് ദയാനിധിയുടെ വെബ്സൈറ്റിന്‍റെ ലോഞ്ചിങ് നിർവഹിച്ചു.
അട്ടപ്പാടിയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും കമ്പ്യൂട്ടർ സാക്ഷരത ഉറപ്പ് വരുത്താനുള്ള തയാറെടുപ്പിലാണ് ദയാനിധിയും സംഘവും. തമിഴ്‌നാട് സ്വദേശികളായ അളകർസ്വാമിയുടെയും കസ്‌തൂരിയുടെയും മൂത്ത മകനായ ദയാനിധി അഗളി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്.
Also Read: 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം', നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ