പാലക്കാട് : അമ്പലപ്പാറ പഞ്ചായത്തിൽ ചുരുങ്ങിയ ചെലവിൽ കുടിവെള്ളം ലഭ്യമാകുന്ന വാട്ടർ കിയോസ്‌ക് വാട്ടർ എടിഎം ഉടൻ പ്രവർത്തനം ആരംഭിക്കും. അമ്പലപ്പാറ സെന്‍ററിൽ ടേക്ക് എ ബ്രേക്ക് പ്രവർത്തിയ്ക്കുന്ന കെട്ടിടത്തിന് സമീപമാണ് വാട്ടർ എടിഎം സ്ഥാപിക്കുന്നത്. പഞ്ചായത്തിന്‍റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിക്കും.
അണുവിമുക്തമാക്കിയ തണുത്ത വെള്ളവും ചൂടുവെള്ളവും മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് നൽകും. ഒരു രൂപയ്ക്ക് ഒരുലിറ്റർ തണുത്ത വെള്ളവും അഞ്ച് രൂപയ്ക്ക് അഞ്ച് ലിറ്റർ സാധാരണ വെള്ളവുമാണ് വിതരണത്തിന് തയാറാവുന്നത്. 500 ലിറ്ററാണ് വാട്ടർ കിയോസ്‌കിന്‍റെ സംഭരണശേഷി.
സർക്കാർ അംഗീകൃത ഏജൻസിയായ കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് വാട്ടർ എടിഎമ്മിന്‍റെ നിർമാണം. മഴ ലഭ്യത കുറയുമ്പോൾ വരൾച്ചയെ അതിജീവിക്കാനുള്ള ബദൽ സംവിധാനമായാണ് വാട്ടർ കിയോസ്ക്ക് സംവിധാനം ഒരുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി. വിജയലക്ഷ്‌മി പറഞ്ഞു.
ബസ് യാത്രക്കാർ, ഓട്ടോ, ടാക്‌സി ഡ്രൈവർമാർ, വഴിയാത്രക്കാർ, വിദ്യാർഥികൾ, വ്യാപാരികൾ തുടങ്ങിയവർക്ക് പദ്ധതി സഹായകമാകും. പഞ്ചാബ് നാഷണൽ ബാങ്ക് അമ്പലപ്പാറ ശാഖയുടെ സഹകരണവും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.