പാലക്കാട്: നീതിയെ ചോദ്യചിഹ്നമാക്കിയ കേസന്വേഷണമാണ് വാളയാർ പീഡനക്കേസിൽ നടന്നത്. ഉന്നതബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും അന്വേഷണത്തെ എത്രത്തോളം വളച്ചൊടിക്കാനാകുമെന്ന യാഥാർഥ്യം വാളയാറിൽ കേരളം കണ്ടു. പതിമൂന്നും ഒമ്പതും മാത്രം പ്രായമുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ കഴുക്കോലിൽ തൂങ്ങിയാടിയത് കേരള മനസാക്ഷിക്ക് മറക്കാനികില്ല. പ്രതികളെ വെറുതെവിട്ട ഉത്തരവിനെതിരെ നിരന്തര സമ്മർദങ്ങൾക്കൊടുവിലാണ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയതും പുനർവിചാരണക്ക് കോടതി ഉത്തരവിട്ടതും.
2017 ജനുവരി പതിമൂന്നിനാണ് 13 വയസുകാരിയായ മൂത്ത പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. 52 ദിവസത്തിന് ശേഷം മാർച്ച് നാലിന് നാലാം ക്ലാസുകാരിയായ അനിയത്തിയും ഇതേ രീതിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ആദ്യ മരണത്തിന്‍റെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഈ പെൺകുട്ടി. രണ്ട് മരണത്തിലും ദുരൂഹത നിറഞ്ഞു നിന്നെങ്കിലും കുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിൽ ആദ്യം മുതൽ പൊലീസ് ഉദാസീനത കാണിച്ചിരുന്നു. ആദ്യം മരിച്ച മൂത്ത കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി സൂചനയുണ്ടായിട്ടും അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ വാളയാർ എസ്.ഐ പി.സി ചാക്കോയെ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീടാണ് കേസ് ചുമതല നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയായിരുന്ന എം.ജെ. സോജന് കൈമാറിയത്.
കേസിൽ ആദ്യം നാല് പ്രതികളാണുണ്ടായിരുന്നത്. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജാക്കാട് നാലുതൈക്കൽ വീട്ടിൽ ഷിബു, പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ആലപ്പുഴ ചേർത്തല സ്വദേശി പ്രദീപ്‌കുമാർ എന്നിവരായിരുന്നു പ്രതികൾ. പിന്നീട് കേസിൽ ഒരു പതിനാറുകാരനെ കൂടി അറസ്റ്റ് ചെയ്‌തു.