പാലക്കാട്: ഓണത്തോടനുബന്ധിച്ച് വാളയാറിൽ ക്ഷീരവികസന വകുപ്പ് ഊർജിത പാൽ പരിശോധന ആരംഭിച്ചു. 27ന് ആരംഭിച്ച പരിശോധന ഉത്രാടം വരെ ഉണ്ടാകും. വാളയാറിൽ താത്കാലികമായി സജ്ജീകരിച്ച ലാബിന്‍റെ ഉദ്ഘാടനം കെ.വി വിജയദാസ് എംഎൽഎ നിർവഹിച്ചു. ക്ഷീരവികസന വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ജയസുജീഷ് ജെ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശിവകാമി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദയകുമാർ എന്നിവർ പങ്കെടുത്തു.
അതിർത്തി കടന്ന് എത്തുന്ന പാൽ ടാങ്കറുകളിൽ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ, വാഹനങ്ങളിൽ കൊണ്ട് വരുന്ന പായ്ക്കറ്റ് പാൽ സാമ്പിളുകൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. പുളിപ്പ് തടയുന്നതിനും സൂക്ഷിപ്പ് ഗുണമേന്മ വർധിപ്പിക്കുന്നതിനുമായി ചേർക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കും. ഗുണമേന്മ കുറഞ്ഞതായോ രാസവസ്തുക്കൾ ചേർത്തതായോ കണ്ടെത്തുന്ന പക്ഷം തുടർ നടപടികൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കും.