പാലക്കാട്: ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് റെഗുലേഷൻ ആന്‍റ് ബ്രിഡ്‌ജിലെ ഷട്ടറുകൾ തുറക്കുന്നതില്‍ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്‍റ് ചെയ്‌തു. 27 റെഗുലേറ്റർ ഷട്ടറുകളിൽ 13 എണ്ണം ഉയർത്താൻ കഴിയാത്തതാണ് വെള്ളിയാങ്കല്ല് മുതൽ പട്ടാമ്പി വരെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാവാൻ കാരണം. വിഷയത്തിൽ ചീഫ് എഞ്ചിനീയറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബാലകൃഷ്‌ണനെ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി സസ്പെന്‍റ് ചെയ്‌തത്.
ഉദ്യോഗസ്ഥ വീഴ്ചയാണ് പ്രദേശത്ത് വെള്ളം കയറാൻ കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ 13 വർഷം മാത്രം പഴക്കമുള്ള ഷട്ടറുകൾക്ക് കേടുപാടുണ്ടെന്നും, കൃത്യമായ അറ്റകുറ്റപണികൾ നടത്താത്തതാണ് ഷട്ടർ തുറക്കാൻ കഴിയാത്തതിന് കാരണമെന്നും ഇ ശ്രീധരൻ ഉൾപ്പെടെയുള്ള ആളുകൾ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാത്രമല്ല അടിയന്തരമായി അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും, കർഷകർക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്ത സാഹചര്യവും ഉണ്ടാവുമെന്നും നാട്ടുകാർ പറയുന്നു.