പാലക്കാട്: വ്യാജമദ്യ നിർമാണത്തിനായി രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞിട്ടും എക്സൈസ് നടപടിയെടുക്കാത്തതാണ് വാളയാർ ദുരന്തത്തിന് കാരണമെന്ന് മദ്യവിരുദ്ധസമിതി. വ്യാജമദ്യം നിർമാണം വ്യാപകമാണെന്ന ഇൻറലിജൻസ് റിപ്പോർട്ട് നിലനിൽക്കുന്നുണ്ട്.കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ചിറ്റൂരിലെ തെങ്ങിൻ തോപ്പുകളിൽ നിന്നും വ്യാജമദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന ചിലതരം പൊടികൾ പിടിച്ചെടുത്തിരുന്നു.
തുരുതുരുപ്പ് പൊടിയെന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ പൊടി ഉപയോഗിച്ച് പാലക്കാടിനെ അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമായി വ്യാജ മദ്യ നിർമാണം നടക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. വിഷയം ചൂണ്ടിക്കാണിച്ച് മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഗവർണർക്ക് പരാതി നൽകുകയും ഗവർണർ പരാതി എക്സൈസ് കമ്മീഷണർക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് പ്രകാരം മദ്യവിരുദ്ധസമിതിക്ക് എക്സൈസ് കമ്മീഷണർ നൽകിയ മറുപടിയിൽ ചിറ്റൂർ മേഖലയിൽ നിന്നും കണ്ടെത്തിയ പൊടി ലാബ് പരിശോധനയിൽവ്യാജമദ്യ നിർമാണത്തിനുപയോഗിക്കുന്ന സോഡിയം ലോറൈൽ സൾഫേറ്റ് ആണെന്ന് തിരിച്ചറിഞ്ഞതായും വിശദീകരിക്കുന്നുണ്ട്.
പക്ഷേ ഈ പൊടി ഉപയോഗിച്ച് പാലക്കാട് മദ്യ നിർമാണം നടക്കുന്നില്ലെന്നും എക്സൈസ് കമ്മീഷണർ നൽകിയ മറുപടിയിൽ പറയുന്നു. ഈ മറുപടികളിൽ വൈരുദ്ധ്യം ഉണ്ടെന്നും വ്യാജമദ്യം നിർമിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പൊടികൾ ചിറ്റൂരിലെ തെങ്ങിൻ തോപ്പുകളിൽ എത്തിക്കുന്നതെന്നാണ് മദ്യവിരുദ്ധ സമിതിയുടെ ചോദ്യം. ഇത്തരത്തിൽ ജില്ലയിൽ നടക്കുന്ന വ്യാജമദ്യ ഉൽപാദനത്തിലും വിൽപ്പനയിലും എക്സൈസ് വേണ്ടവിധത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാത്തതാണ് വാളയാറിലെ വിഷമദ്യദുരന്തം ഉണ്ടാകാൻ കാരണമായതെന്ന് മദ്യവിരുദ്ധസമിതി ആരോപിക്കുന്നു.