പാലക്കാട്: വാളയാറിൽ കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരും മെയ് ഒമ്പതിന് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പൊലീസുകാരും പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളുമാണ് 14 ദിവസം ഹോം ക്വാറന്‍റൈനിൽ പ്രവേശിക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത് പ്രകാരം മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരുമുൾപ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾ ക്വാറന്‍റൈനിൽ പോകണം. എംപിമാരായ ടി.എൻ പ്രതാപൻ, വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരെ കൂടാതെ പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ഇ. കൃഷ്ണദാസ്, വാളയാറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് ഡിവൈഎസ്‌പി സാജു കെ. എബ്രഹാം, ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മനോജ് എന്നിവരുൾപ്പെടെ അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരും നാൽപതിലധികം മാധ്യമപ്രവർത്തകരും കോയമ്പത്തൂർ ആർ.ഡി.ഒയും അടക്കം നാനൂറോളം പേർ നിരീക്ഷണത്തിൽ പോകണെമെന്നാണ് പാലക്കാട് മെഡിക്കൽ ബോർഡിന്‍റെ നിർദേശം.
പ്രാഥമിക സമ്പര്‍ക്ക പട്ടികയെ പ്രൈമറി ഹൈ റിസ്‌ക് കോണ്‍ടാക്‌ട്, പ്രൈമറി ലോ റിസ്‌ക് കോണ്‍ടാക്‌ട് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നും മെയ് ഒമ്പതിന് രാവിലെ വാളയാര്‍ അതിര്‍ത്തിയില്‍ വിവിധ നടപടിക്രമങ്ങള്‍ക്കായി കാത്തുനില്‍ക്കവെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ എടുത്തു പൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരോടാണ് ഹോം ക്വാറന്‍റൈനിൽ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. വാളയാര്‍ അതിര്‍ത്തിയില്‍ ഇദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ് നഴ്‌സുമാരും പ്രൈമറി ഹൈ റിസ്‌ക് കോണ്‍ടാക്‌ടിൽ ഉള്‍പ്പെടുന്നതിനാല്‍ അവരെയും ഐസൊലേഷനില്‍ ആക്കിയിട്ടുണ്ട്. 14 ദിവസം നിരീക്ഷണത്തില്‍ തുടരവെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്രവപരിശോധന നടത്തും. 14 ദിവസം നിരീക്ഷണത്തിന് ശേഷം ലക്ഷണങ്ങളില്ലെങ്കിലും സ്രവം പരിശോധിക്കും. അന്നേദിവസം പാസ് ഇല്ലാതെ എത്തുകയും പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്‌ത 139 പേര്‍, അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍ എന്നിവര്‍ ലോ റിസ്‌ക് പ്രൈമറി കോണ്‍ടാക്‌ടില്‍ ഉള്‍പ്പെടും. ഇതില്‍ ഉള്‍പ്പെടുന്ന മറ്റു ജില്ലയില്‍ നിന്നുള്ളവരുടെ ലിസ്റ്റ് അതാത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്ത് വിവരം നല്‍കിയിട്ടുണ്ട്.