പാലക്കാട്: ദേശീയപാത വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ട് ഒരു വർഷമായിട്ടും പാലത്തിലെ അറ്റകുറ്റപ്പണികൾ തീരുന്നില്ല. വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ ആറ് വരി പാത ആരംഭിക്കുന്ന റോയൽ ജംഗ്ഷൻ മുതൽ ഡയാന ഹോട്ടലിന് സമീപം വരെയുള്ള മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത് കഴിഞ്ഞ വർഷം ഫെബ്രുവരി 6നായിരുന്നു. പാലം തുറന്ന് കൊടുത്തിട്ട് ഒരു വർഷമായിട്ടും പലത്തിൽ പൊളിച്ച് പണി തുടരുകയാണ്.
രണ്ട് ദിവസം മുമ്പാണ് പാലത്തിൽ അവസാനമായി അറ്റകുറ്റപണികൾ നടത്തിയത്. പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതിന് ശേഷം പത്ത് തവണ പാലം അടച്ചിട്ട് ഗതാഗതം നിയന്ത്രിച്ചു. ഇരു പാലങ്ങളിലുമായി 32 സ്ഥലങ്ങളിൽ പൊളിച്ച് പണിതു.
ഇനിയും ഗതാഗതയോഗ്യമാകാതെ...
പാലത്തിൻ്റെ കോൺക്രീറ്റ് പാളികൾ തമ്മിൽ ബന്ധിപ്പിക്കുന്ന എക്‌സ്‌പാൻഷൻ ജോയിൻ്റുകളാണ് പൊളിച്ച് പണിയുന്നത്. മേൽപാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ രൂക്ഷമായ കുലുക്കം അനുഭവപ്പെടുന്നതിനെ തുടർന്നാണ് പൊളിച്ച് പണി ആരംഭിച്ചത്. ജോയിൻ്റുകളിൽ ഇരുവശത്തും രണ്ടടിയോളം താഴ്‌ചയിൽ കുത്തി പൊളിച്ച് ഇരുമ്പ് റാഡുകൾ വച്ച് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തികളാണ് നടന്നത്.
എന്നാൽ കോൺക്രീറ്റ് ചെയ്യുന്ന ഭാഗങ്ങളിലൂടെ വാഹനങ്ങൾ പോകുമ്പോൾ അവ വീണ്ടും തകരുന്നു. വീണ്ടും ആ ഭാഗം കുത്തി പൊളിച്ച് നന്നാക്കും. ഒരു വർഷമായിട്ടും പൂർണമായ തോതിൽ ഗതാഗത യോഗ്യമായിട്ടില്ല. ഇപ്പോഴും വാഹനങ്ങൾ പോകുമ്പോൾ രൂക്ഷമായ ചാട്ടം അനുഭവപ്പെടുന്നുണ്ട്.
കത്താതെ ലൈറ്റുകൾ..
ഇരുമ്പ് റാഡുകൾ അകലുന്നതും പുറത്തേക്ക് തള്ളി വരുന്നതും യാത്രക്കാർക്ക് അപകട ഭീഷണി ഉണ്ടാക്കുകയാണ്. കരാർ കമ്പനിയായ കെ.എം.സി പാലം പണി പൂർത്തീകരിച്ചതിന് ശേഷം ദേശീയപാത അതോറിറ്റിയുടെ സ്വതന്ത്ര ഏജൻസിയായ ഐസിടിയും ദേശീയപാത അതോറിറ്റിയും പരിശോധന നടത്തിയിരുന്നു. എന്നിട്ടും ഇതാണ് അവസ്ഥ.
പാലം ഗതാഗതത്തിന് തുറന്ന് കൊടുത്ത് ദിവസങ്ങൾക്കകം തന്നെ ഇരു പാലങ്ങളിലും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് വരെ അത് കത്തിക്കാൻ തയാറായിട്ടില്ല. വൈദ്യുതി കണക്ഷൻ ഉൾപ്പെടെ ലഭിച്ച് പ്രവർത്തന സജ്ജമാക്കിയെങ്കിലും രാത്രി സമയങ്ങളിൽ ലൈറ്റ് അണഞ്ഞുതന്നെ കിടപ്പാണ്. നിലവിൽ പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിക്കലുമായി ബന്ധപ്പെട്ടുള്ള തയാറെടുപ്പുകൾ നടക്കുമ്പോഴും വടക്കഞ്ചേരി മേൽപ്പാലം സംബന്ധിച്ച ആശങ്ക നിലനിൽക്കുകയാണ്.