പാലക്കാട് : പട്ടാമ്പി വളളൂരിൽ കുളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികളിൽ രണ്ട് പേർ മുങ്ങി മരിച്ചു. വളളൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന കൊടല്ലൂർ മാങ്കൊട്ടിൽ സുബീഷിന്‍റെ മകൻ അശ്വിൻ(12), മലപ്പുറം പേരശന്നൂർ സ്വദേശി സുനിൽകുമാറിന്‍റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം.
മരിച്ച അശ്വിന്‍റെ കുടുംബം ക്വാട്ടേഴ്‌സിൽ വാടകയ്‌ക്ക് താമസിക്കുകയാണ്. ഇതേ കെട്ടിടത്തിലാണ് അഭിജിത്തും കുടുംബവും താമസിക്കുന്നത്. ഈ കുളത്തിൽ കുട്ടികൾ ഇറങ്ങാറുള്ളതാണ്. ഇന്നും ഇരുവരും പതിവു പോലെ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയതായിരുന്നു. എന്നാൽ സുഹൃത്തുക്കൾ കുളിക്കഴിഞ്ഞ് കയറിയ സമയത്ത് അശ്വിനും അഭിജിത്തും കുളത്തിലെ ചെളിയിൽ കുടുങ്ങുകയായിരുന്നു.
കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് സമീപവാസികളെത്തി കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികൾ മരിച്ചു. ഈ കുളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവമുണ്ടാകുന്നത്.
ഇന്നലെ എറണാകുളത്ത് തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചിരുന്നു. ബന്ധുവീട്ടിൽ എത്തിയ കുട്ടികൾ വീട്ടുകാർ അറിയാതെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്‍റെയും കവിതയുടെയും മകൾ ശ്രീവേദയുടെ (10) മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ തന്നെ കണ്ടെത്തിയിരുന്നു. കവിതയുടെ സഹോദരപുത്രൻ മന്നത്തെ തളിയിലപാടം വീട്ടിൽ വിനു-നിത ദമ്പതികളുടെ മകൻ അഭിനവിന്‍റെ (13) മൃതദേഹം രാത്രിയോടെയാണ് കണ്ടെത്തിയത്. കവിതയുടെ തന്നെ സഹോദരീപുത്രൻ ഇരിങ്ങാലക്കുട രാജേഷ്-വിനിത ദമ്പതികളുടെ മകൻ ശ്രീരാഗിന്‍റെ (13) മൃതദേഹം രാത്രി ഏറെ വൈകിയാണ് കണ്ടെത്താനായത്.
ആഴമേറിയതും ഒഴുക്ക് കൂടുതലുമായ പുഴയുടെ ഭാഗത്ത് സാധാരണയായി ആരും ഇറങ്ങാറില്ലെന്നാണ് നാട്ടുകാർ പറഞ്ഞത്. എന്നാൽ പുഴയെ കുറിച്ച് അറിയാത്ത കുട്ടികൾ കുളിക്കാനിറങ്ങിയതാണ് അപകടത്തിനിടവരുത്തിയത്. അപകടം നടന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടാൻ വൈകിയതും മരണത്തിണ് മറ്റൊരു കാരണമായി.