പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറങ്ങി. അട്ടപ്പാടി നോഡൽ ഓഫിസറായ ഒറ്റപ്പാലം സബ് കലക്ടർ ശിഖ സുരേന്ദ്രനാണ് ഉത്തരവിറക്കിയത്. ചില വ്യക്തികളും സംഘടനകളും ആദിവാസി ഊരുകളിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ മാസം ചാരിറ്റി പ്രവർത്തകനെന്ന പേരിൽ ഊരിലെത്തിയ ആളിനെതിരെ കേസെടുത്തിരുന്നു. ഊരിലുള്ളവരുടെ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതായും അവരെ ചൂഷണം ചെയ്യുന്നതായും നിരവധി പരാതികൾ നോഡൽ ഓഫിസർക്ക് ലഭിച്ചിരുന്നു. അട്ടപ്പാടി മേഖലയിലും പട്ടികവർഗ ഊരുകളിലും പഠനം, ഗവേഷണം, സർവേ, ക്യാമ്പ് ഭക്ഷ്യക്കിറ്റ്, മരുന്ന് മറ്റ് അവശ്യവസ്തുക്കളുടെ വിതരണം എക്‌സിബിഷൻ എക്സ്പോ വീഡിയോ ഫോട്ടോ ചിത്രീകരണം, പട്ടികവർഗ വിഭാഗക്കാരുമായുള്ള അഭിമുഖം, മറ്റു സാമൂഹ്യസേവന പ്രവർത്തനങ്ങൾ മുതലായവ നടത്തുന്നതിന് നോഡൽ ഓഫിസറുടെ അനുമതി വേണം.
അനുമതി നേടായാനുള്ള കടമ്പകൾ
നടത്താനുദേശിക്കുന്ന പ്രവർത്തനങ്ങളും കാലയളവും വ്യക്തമാക്കി ഒരു മാസം മുമ്പെങ്കിലും നോഡൽ ഓഫിസർക്ക് അപേക്ഷയായി നൽകണം. അപേക്ഷയുടെ പകർപ്പ് നിർബന്ധമായും അട്ടപ്പാടി ഐടിഡിപി പ്രോജക്ട് ഓഫിസർക്ക് നൽകണം. പ്രോജക്ട് ഓഫിസർ വിശദമായി പരിശോധിച്ച് ആവശ്യമെങ്കിൽ പൊലീസ്, ഹെൽത്ത് ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് ലഭ്യമാക്കി അനുമതി നൽകും. അനുമതി നൽകുന്ന ഉത്തരവിന്‍റെ പകർപ്പ് അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫിസർ, അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ, ഡിവൈഎസ്‌പി/എഎസ്‌പി അഗളി എന്നിവർക്ക് കൈമാറും.
കൊവിഡ് വാക്‌സിനേഷൻ രണ്ട് ഡോസ് എടുത്തവർക്ക് മാത്രമേ ഊരുകളിലെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകു. വനമേഖലയിലുള്ള ഊരുകൾ സന്ദർശിക്കുന്നതിനും വനമേഖലയിൽ പ്രവേശിക്കുന്നതിനുമുള്ള അനുമതി വനം വകുപ്പിൽ നിന്ന് നേടണം. പട്ടികവർഗക്കാരുടെ അവകാശങ്ങൾക്കു മേൽ ഏതെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാൽ കുറ്റക്കാർക്കെതിരെ 1989ലെ പട്ടികജാതി/പട്ടികവർഗക്കാർക്ക് നേരെയുള്ള അതിക്രമം തടയൽ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.