പാലക്കാട്: പഴനിയിൽ നിന്നും പെരുമ്പാവൂരിലേക്ക് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. പാലക്കാട് എക്സൈസ് സംഘം ഗോവിന്ദപുരത്ത് നടത്തിയ പരിശോധനയിൽ മാരുതി സ്വിഫ്റ്റ് കാറിന്‍റെ രഹസ്യ അറയിലാണ് നാല് കിലോ ഉണക്ക കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ എക്സൈസ് പിടികൂടി. പെരുമ്പാവൂർ സ്വദേശികളായ ശിഹാബ് (31), ഹംസ മകൻ സലാഹുദ്ദീന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്തിയ മാരുതി കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പിടിയിലായ പ്രതികൾ മുമ്പും നിരവധി കേസുകളിൽ പ്രതികളാണ്. വാളയാറി പരിശോധന ശക്തമാക്കിയതിന്‍റെ അടിസ്ഥാനത്തിൽ ഗോവിന്ദപുരം ഭാഗത്തു കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനവും കഞ്ചാവും പിടികൂടിയത് പഴനിയിൽ അക്ക എന്ന സ്ത്രീയിൽ നിന്നും കിലോക്ക് 40000 രൂപക്കാണ് ഇവർ കഞ്ചാവ് വാങ്ങിയെതെന്നാണ് വിവരം. ഒരാഴ്ചക്കുള്ളിൽ അതിർത്തി പ്രദേശത്ത് നിന്നും പാലക്കാട് ഐ ബി പിടിക്കുന്ന രണ്ടാമത്തെ കഞ്ചാവ് കേസാണിത്.