പാലക്കാട്: സ്വയംതൊഴിൽ ബിസിനസ് ക്യൂ നെറ്റ് വഴി നടത്താമെന്ന് പറഞ്ഞ് പണം തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കല്ലടിക്കോട് നെടുംകോട് പറമ്പിൽ സുൽഫിക്കർ (23), അജ്‌മൽ ഹസ്സൻ (20) എന്നിവരെയാണ് ചെർപ്പുളശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കച്ചേരിക്കുന്ന് നുസൈബയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതികളെ ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കൂടുതൽ ആളുകളെ ചേർത്താൽ കമ്മീഷൻ നൽകുമെന്ന് പറഞ്ഞാണ് ബന്ധുക്കളായ പ്രതികൾ ഇവരിൽനിന്ന് മൂന്നുലക്ഷം തട്ടിയെടുത്തത്. വിശ്വാസത്തിലെടുക്കാൻ വേണ്ടി നോട്ടറി വക്കീലിനെ കൊണ്ട് ഒരു അഫിഡവിറ്റും തയാറാക്കിയിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനം കുറവായതിനാൽ പറയുന്ന രേഖകളിലെല്ലാം ഒപ്പിട്ടു കൊടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.
ജില്ലയിൽ പല ഭാഗത്തും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്നും വിവിധ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സിഐ എം സുജിത്ത്, എസ്‌ഐ എം സുനിൽ, കല്ലടിക്കോട് എസ്‌ഐ ഡൊമിനിക്, സിപിഒമാരായ വിനു ജോസഫ്, ഷാഫി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ALSO READ:വധഗൂഢാലോചനക്കേസ്: സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കറിന്‍റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്‌ഡ്