പാലക്കാട്: മുണ്ടൂർ-പെരിന്തല്‍മണ്ണ സംസ്ഥാനപാതയില്‍ പുഞ്ചപ്പാടത്ത് മലപ്പുറം സ്വദേശികളെ ആക്രമിച്ച് കാര്‍ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേർ പിടിയിലായി. പാലക്കാട് നൂറണി ചടനംകുര്‍ശി കളത്തില്‍ വീട്ടില്‍ അക്കു എന്ന അക്ബര്‍ (30), നൂറണി ചിറക്കല്‍ വീട്ടില്‍ അര്‍സല്‍ (26) എന്നിവരെയാണ് സി.ഐ കെ.എം. ബീനീഷും സംഘവും ചേർന്ന് പിടികൂടിയത്. പാലക്കാട് സ്വദേശികളായ സുഭാഷ്, പ്രമോദ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. സുഭാഷ് കഞ്ചാവ് കേസില്‍ വിശാഖപട്ടണത്ത് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. പ്രമോദ് കോയമ്പത്തൂരിലുണ്ടെന്നാണ് പൊലീസ് നിഗമനം. ഐ.പി.സി 395, 365 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഒന്നരവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2019 മേയ് 13ന് രാത്രി മലപ്പുറം കോഡൂര്‍ ചെമ്മക്കടവ് ചോലശ്ശേരി വീട്ടില്‍ സി.എച്ച്. ജംഷാദലി, കൂട്ടുകാരനായ അബ്ദുല്‍ ജലീല്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മൂന്ന് കാറുകളിലെത്തിയ പ്രതികൾ ഇരുവരെയും വളഞ്ഞിട്ട് മർദിച്ചു. ജംഷാദലിയെ മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ച് അബ്ദുൽ ജലീലിനെയും കൊണ്ട് ഇന്നോവ കാറിൽ പാലക്കാട് ഭാഗത്തേക്ക് പോയി. പിന്നീട് അയാളെയും മർദിച്ച ശേഷം പാലക്കാട് കണ്ണന്നൂരിൽ ഇറക്കിവിട്ടു. തുടർന്ന് പ്രതികൾ ഇന്നോവ കാറുമായി കടന്ന് കളയുകയായിരുന്നു. ജംഷാദലിയും ജലീലും കുഴല്‍പണം കടത്തുകയാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കാറിൽനിന്ന് നഷ്ടപ്പെട്ട ഐ ഫോണിന്റെ ഐ.എം.ഇ.എ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.