പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികൾക്ക് വിദഗ്‌ധ ചികിത്സ നിഷേധിക്കപ്പെടുന്നതായി പരാതി. അട്ടപ്പാടി ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം ചുരമിറങ്ങി 70 കിലോമീറ്റർ ദൂരം സഞ്ചരിച്ച് എത്തേണ്ട സ്വകാര്യ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുന്നതിനെതിരെയാണ് വ്യാപക പ്രതിഷേധമുയരുന്നത്. ഇതിനിടെ ട്രൂനാറ്റ് പരിശോധനയിൽ തെറ്റായ കൊവിഡ് ഫലം കൂടി ലഭിക്കുന്നത് ആദിവാസികൾക്ക് ഇരുട്ടടിയാവുകയാണ്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് അട്ടപ്പാടിയിൽ നിന്നും വിദഗ്‌ധ ചികിത്സയ്ക്കായി റഫർ ചെയ്യപ്പെടുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗികളെ ട്രൂനാറ്റ് പരിശോധന നടത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പരിശോധന നടത്തിയ മുഴുവൻ രോഗികളുടെയും ഫലം പോസിറ്റീവായി. കൊവിഡ് സ്ഥിരീകരിച്ചാൽ ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലെ കൊവിഡ് സ്പെഷ്യൽ റൂമുകളിലേയ്ക്കാണ് മാറ്റുക. തുടർന്ന് റഫർ ചെയ്യപ്പെട്ട രോഗത്തിന് ചികിത്സ ലഭിക്കാതെ വരികയും പല രോഗികളും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. മരണശേഷം നടത്തുന്ന സ്രവ പരിശോധനയിൽ നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുന്നതോടെ ജനങ്ങൾ മാനസികമായും തളരുകയാണ്.
അട്ടപ്പാടിയിൽ സംഭവിച്ച രണ്ട് ആദിവാസികളുടെ മരണങ്ങൾ കൊവിഡ് മൂലമാണെന്നാണ് ആദ്യം സ്ഥിരീകരിച്ചത്. ട്രൂനാറ്റ് പരിശോധനയിൽ രോഗം കണ്ടെത്തിയതിന് ശേഷം ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവായി. ഷോളയൂർ സ്വദേശി നിഷ, കുളപ്പടി സ്വദേശി മരുതി എന്നിവരുടെ കൊവിഡ് പരിശോധന ഫലമാണ് ട്രൂനാറ്റിലൂടെ ആദ്യം പോസിറ്റീവാകുകയും പിന്നീട് മരണശേഷം നെഗറ്റീവാകുകയും ചെയ്‌തത്. പെരിന്തൽമണ്ണ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യപ്പെട്ട ഇവർ ട്രൂനാറ്റ് പരിശോധനയിൽ 'കൊവിഡ് രോഗികളാകുന്നതോടെ' വിദഗ്‌ധ ചികിത്സ നഷ്‌ടപ്പെട്ടു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തി അട്ടപ്പാടിക്ക് പുറത്തേയ്ക്ക് ഒരാളേയും റഫർ ചെയ്യാത്ത വിധം സൗകര്യമൊരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.