പാലക്കാട്: കൊല്ലങ്കോട് കൂനമ്പാലം മേലേപ്പാടിയില്‍ പൊതുകിണറില്‍ കടുവയുടെ ജഡം കണ്ടെത്തി. സ്വകാര്യതേയില എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഉപയോഗിക്കുന്ന കിണറ്റിലാണ് കടുവയുടെ ജഡം കണ്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ തൊഴിലാളികളാണ് വിവരം വനപാലകരെ അറിയിച്ചത്.
ഇന്നലെ വൈകീട്ട് ആറരയോടെ എട്ട് വയസ്സുള്ള പെണ്‍കടുവയുടെ ജഡം കിണറ്റില്‍ നിന്നും പുറത്തെടുത്തതായി നെല്ലിയാമ്പതി റെയ്ഞ്ച് ഒഫീസര്‍ വി.എ കൃഷ്ണദാസ് അറിയിച്ചു. മൂന്നു ദിവസത്തിലധികം പഴക്കം ജഡത്തിനുണ്ടെന്ന് വനം അധികൃതര്‍ പറഞ്ഞു. കിണറ്റില്‍ നിന്നും വെള്ളം പമ്പു ചെയ്യുന്ന മോട്ടോര്‍ തകരാറിലായതോടെ അതു പരിശോധിക്കാന്‍ എത്തിയപ്പോഴാണ് കടുവയുടെ ജഡം തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്.
കിണറ്റില്‍ പാമ്പിന്‍റെ ജഡവുമുണ്ടായിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു.
കടുവയുടെ ജഡത്തിൻ്റെ പോസ്റ്റ്മോര്‍ട്ടവും നടത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് റെയ്ഞ്ച് ഒഫീസര്‍ പറഞ്ഞു. പറമ്പിക്കുളം കടുവാ സങ്കേതത്തിൻ്റെ പരിധിയിലുള്ള നെല്ലിയാമ്പതിയിൽ സംരക്ഷിത പട്ടികയില്‍ പെട്ട കടുവ ചത്തത് ഗൗരവമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ALSO READ: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപിരിച്ചുവിടൽ