പാലക്കാട്: മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേർത്തല അർത്തുങ്കൽ സ്വദേശി വർഗ്ഗീസിന്‍റെ ഭാര്യ ജെസി (50) ആണ് ഞായറാഴ്‌ച(22.05.2022) രാത്രി പത്ത് മണിയോടുകൂടി മരിച്ചത്.
അപകടത്തിൽ പൈലി, റോസിലി എന്നിവർ നേരത്തെ മരിച്ചിരുന്നു. പൈലിയുടെ സഹോദരന്‍റെ ഭാര്യയാണ് ജെസി. പരിക്കേറ്റവരിൽ മൂന്ന് പേർ കൂടി ഗുരുതാവസ്ഥയിലാണ്. ആകെ 17 പേർക്കാണ് പരിക്കേറ്റത്.
ജെസിയുടെയും വർഗ്ഗീസിന്‍റെയും ഏകമകൾ വർഷ പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിൽപ്പെട്ടത് തീർഥയാത്ര സംഘാംഗങ്ങളായ കുടുംബക്കാരാണ്. ആലപ്പുഴ ചേർത്തലയിൽനിന്ന് വെള്ളിയാഴ്‌ചയാണ് (20.05.2022) ടെമ്പോ ട്രാവലറിൽ ഒരു കുടുംബത്തിലെ അംഗങ്ങൾ വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ടത്. വേളാങ്കണ്ണി സന്ദർശിച്ച് തിരികെ നാട്ടിലേക്ക് പോകുമ്പോഴാണ് അപകടം.
ടൂറിസ്റ്റ് ബസിലുള്ളവർ ക്ഷേത്ര സന്ദർശനത്തിന് തിരുവല്ല രാമൻചിറയിൽനിന്ന് ശനിയാഴ്‌ച (21.05.2022) രാത്രി 11 മണിക്കാണ് പുറപ്പെട്ടത്. ചോറ്റാനിക്കരയും ഗുരുവായൂരും സന്ദർശിച്ചശേഷം പഴനിയിലേക്ക് പോയതായിരുന്നു. പഴനിക്കുശേഷം വേളാങ്കണ്ണിയിലും പോയി ബുധനാഴ്‌ച നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളിലുള്ളവരും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ്. അപകടത്തിൽ പരിക്കേറ്റവരെല്ലാം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കഞ്ചേരി–ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മുടപ്പല്ലൂർ കരിപ്പാലി അപകടമേഖലയാകുകയാണ്.
ശനിയാഴ്‌ച (21.05.2022) വൈകിട്ട് ഇവിടെ ലോറി വൈദ്യുതിത്തൂണിലിടിച്ചും അപകടമുണ്ടായി.
Also read: മകളെ സ്‌കൂളിൽ വിട്ട ശേഷം മടങ്ങിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു ; നടുക്കുന്ന വീഡിയോ