പാലക്കാട്: ഓണത്തിന് ഇതര സംസ്ഥാനത്ത് നിന്നും പൂക്കൾ വന്നില്ലെങ്കിലും പട്ടാമ്പി തിരുമിറ്റക്കോട്ടുകർക്ക് ആശങ്കയില്ല. പ്രദേശവാസിയായ ജയനാരായണന്‍റെ നേതൃത്വത്തിൽ പൂ കൃഷി ആരംഭിച്ചതോടെ പ്രദേശവാസികൾ ഏറെ ആശ്വാസത്തിലാണ്. അത്തം ആയതോടെ വിളവെടുപ്പും ആരംഭിച്ചു. ഓണവിപണി ലക്ഷ്യമിട്ടാണ് ജയനാരായണൻ പൂ കൃഷി ആരംഭിച്ചത്.
ലോക്ക് ഡൗൺ ആണെങ്കിലും മലയാളികൾക്ക് ഓണാഘോഷത്തിൽ പൂക്കളം മാറ്റി നിർത്താൻ കഴിയില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും പൂക്കളുടെ വരവ് കുറഞ്ഞെങ്കിലും പട്ടാമ്പി തിരുമിറ്റക്കോട്ടുകാർക്ക് പൂക്കൾക്ക് ക്ഷാമം ഉണ്ടാവില്ല. പ്രധാനമായും ചെണ്ടുമല്ലിയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നത്. അതുകൊണ്ട് തന്നെ ചെണ്ടുമല്ലി കൃഷി നടത്തി ഓണവിപണി നേടാനുള്ള ശ്രമത്തിലാണ് തിരുമിറ്റക്കോട് അകിലാണം സ്വദേശി ജയനാരായണൻ. പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്. അത്തം പിറന്നതോടെ പൂ കൃഷിയിൽ ആദ്യഘട്ട വിളവെടുപ്പ് നടത്തി. നാട്ടിൽ പൂ കൃഷി നടക്കുന്നതറിഞ്ഞ് ഗ്രാമപഞ്ചായത്ത് സാരഥികൾ ജയനാരായണന്‍റെ കൃഷിയിടത്തിൽ എത്തുകയും അഭിനന്ദിക്കുകയും ചെയ്തു.
പരീക്ഷണമായതിനാൽ അഞ്ച് സെന്‍റ് സ്ഥലത്താണ് ഇപ്പോൾ കൃഷി ഉള്ളത്. കൂടുതൽ പ്രദേശത്ത് കൃഷി ചെയ്യാൻ ഉദേശിച്ചെങ്കിലും ലോക്ക് ഡൗണിൽ വിത്ത് ലഭിക്കാതായി. അത്യുല്പാദന ശേഷിയുള്ള ചുവപ്പും മഞ്ഞയും ചെണ്ടുമല്ലിയാണ് ഇപ്പോൾ ഉള്ളത്. കൂടുതലും പ്രദേശവാസികൾ തന്നെ പൂവിന് ആവശ്യവുമായി എത്തുന്നുണ്ട്.