പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുന്ന വാളയാർ അതിർത്തിയിൽ ജാഗ്രത കർശനമാക്കി. സുരക്ഷാ ഉപകരണം ഇല്ലാതെ പരിശോധിക്കരുതെന്ന് വാളയാറിന്‍റെ ചുമതലയുള്ള എൻ എച്ച് എം ജില്ലാ പ്രോജക്റ്റ് മാനേജർ ഡോക്‌ടർ രചന ചിദംബരം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കൗണ്ടറിന്‍റെ പുറത്തിറങ്ങി പരിശോധിക്കുന്നതും വിലക്കിയിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്‍റ് കിറ്റ് ധരിച്ചു മാത്രമേ പരിശോധന നടത്താൻ പാടുളളു. വാളയാറിൽ കൊവിഡ് ബാധിതനെ പരിശോധിച്ച രണ്ട് നഴ്‌സുമാർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ മാസം ആറു മുതൽ 17 വരെ ജോലി ചെയ്ത് 27 ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായിരുന്നു.
നിലവിൽ രണ്ടു ഷിഫ്റ്റിലായി 16 കൗണ്ടറുകൾ മാത്രമാണ് വാളയാർ പ്രവർത്തിക്കുന്നത്. കൂടുതലായി എട്ട് കൗണ്ടറുകൾ കൂടി തുറന്നിരുന്നെങ്കിലും രണ്ടായിരത്തിലധികം ആളുകൾ എത്തുമ്പോൾ മാത്രമേ തുറക്കാവു എന്ന നിർദേശത്തെ തുടർന്ന് ഈ കൗണ്ടറുകളിൽ പരിശോധന നിർത്തി വച്ചിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധയുണ്ടായാൽ വാളയാറിലെ സംവിധാനം തകിടം മറിയും എന്നതിനാലാണ് കർശന ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നിർദേശിച്ചിരിക്കുന്നത്.പരിശോധനാ കേന്ദ്രം അണുവിമുക്തമാക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ ഇടവിട്ട് കെട്ടിടവും പരിസരവും അണുവിമുക്തമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.