പാലക്കാട്: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴുപേരിൽ നാല് പേരുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. ഒരു തവണ കൂടെ പരിശോധിച്ച് ഫലം നെഗറ്റീവ് ആയാൽ നാലുപേർക്കും ആശുപത്രി വിടാം. രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മാര്‍ച്ച് 29 നും ഏപ്രില്‍ ഒന്നിനും രോഗം സ്ഥിരീകരിച്ച പാലക്കുഴി, ചാലിശ്ശേരി സ്വദേശികളുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. മാര്‍ച്ച് 24 നും 25 നുമായി രോഗം സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശികളുടെ മൂന്നാം സാമ്പിള്‍ പരിശോധനയും നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരു തവണ കൂടി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാവും ഇവരെ ആശുപത്രി വിടാന്‍ അനുവദിക്കൂക. ഇവരുടെ രണ്ടാം സാമ്പിള്‍ പരിശോധന പോസിറ്റീവായതിനാലാണ് ഒരു പരിശോധന കൂടി നടത്തുന്നത്. കൂടാതെ രോഗം സ്ഥിരീകരിച്ച കാരാക്കുറിശ്ശി സ്വദേശിയുടെ മകനും കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുമായ വ്യക്തിയുടെ രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാൽ കോട്ടോപ്പാടം, ഒറ്റപ്പാലം സ്വദേശികളുടെ രണ്ടാം സാമ്പിള്‍ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്ന് രണ്ട് തവണ കൂടി പരിശോധന നടത്തേണ്ടതുണ്ട്.
കൂടാതെ ഏപ്രില്‍ നാലിന് രോഗം സ്ഥിരീകരിച്ച കാവില്‍പ്പാട് സ്വദേശിയുടെ സാമ്പിള്‍ രണ്ടാമത് പരിശോധനയ്ക്കായി അയച്ചിരിക്കുകയുമാണ്. ജില്ലയിൽ 17454 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.