കോയമ്പത്തൂർ: ശിരുവാണി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച് പരിഹാരം കാണാനൊരുങ്ങി തമിഴ്‌നാട്. അതിനായി ഉന്നതതല സംഘത്തെ ഉടൻ കേരളത്തിലേക്ക് അയക്കുമെന്ന് തമിഴ്‌നാട് ജലവിതരണ മന്ത്രി കെഎൻ നെഹ്‌റു അറിയിച്ചു.
കോയമ്പത്തൂരിന്‍റെ പ്രധാന സ്രോതസ്സാണ് ശിരുവാണി അണക്കെട്ട്. അണക്കെട്ടിൽ നിന്ന് കേരളം പ്രതിദിനം ഒമ്പത് കോടി ലിറ്റർ വെള്ളമാണ് കോയമ്പത്തൂരിലേക്ക് തുറന്നുവിടേണ്ടത്. എന്നാൽ ഇപ്പോൾ 2.5 കോടി ലിറ്റർ വെള്ളം മാത്രമാണ് തുറന്ന് വിടുന്നത് എന്നും ഇത് കുടിവെള്ള ക്ഷാമത്തിന് കാരണമായെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ടെന്നും പ്രശ്‌നത്തിന് പരിഹാരം കാണാൻ ഉദ്യോഗസ്ഥ സംഘത്തെ ഉടൻ കേരളത്തിലേക്കയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ എല്ലാ കോർപ്പറേഷനുകളിലും ഭൂഗർഭ ഡ്രെയിനേജ്, കുടിവെള്ളം തുടങ്ങി 24,000 കോടി രൂപയുടെ വിവിധ പദ്ധതികൾ നടക്കുന്നുണ്ട്. കൂടാതെ, കോയമ്പത്തൂരിലെ പില്ലൂരിൽ കുടിവെള്ള പദ്ധതികളുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഇതിനായി 750 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും ഇതിനാവശ്യമായ സാങ്കേതിക വിദ്യകൾ മുംബൈയിൽ നിന്ന് കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.