പാലക്കാട്: മഞ്ചിക്കണ്ടിയിൽ തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപക് പിടിയില്‍. തമിഴ്‌നാട് പ്രത്യേക സേന അട്ടപ്പാടിക്ക് സമീപം ആനക്കട്ടി മേഖലയിൽ നിന്നുമാണ് പിടികൂടിയത്. ദീപകിനെ വീരപാണ്ഡി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഒരു വനിതാ മാവോയിസ്റ്റിനെയും ഇയാളോടൊപ്പം പിടികൂടിയതായി സൂചനയുണ്ട്.
ആനക്കട്ടിക്ക് സമീപത്തെ മൂല ഗംഗൽ വനമേഖലയിൽ നിന്നാണ് ദീപകിനെയും ഒപ്പമുണ്ടായിരുന്ന വനിതാ മാവോയിസ്റ്റിനെയും പിടികൂടിയത്. തമിഴ്‌നാട് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും പിടികൂടിയത്. വനിതാ മാവോയിസ്റ്റ് ആരാണെന്നത് സംബന്ധിച്ച് വ്യക്തയില്ല. ശ്രീമതി, ഷർമിള എന്നിവരിൽ ഒരാളാണെന്നാണ് തമിഴ്നാട് പൊലീസ് പറയുന്നത്. മഞ്ചിക്കണ്ടി ഏറ്റുമുട്ടിൽ മാവോയിസ്റ്റുകൾക്കൊപ്പം ദീപകും ഉണ്ടായിരുന്നുവെന്ന് കേരള പൊലീസ് പറഞ്ഞിരുന്നു.
എകെ 47 തോക്കുൾപ്പടെ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം നേടിയാളാണ് ദീപക്. ഇയാൾ പരിശീലനം നൽകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. മഞ്ചിക്കണ്ടിയിൽ നിന്നും പിടിച്ചെടുത്ത ലാപ് ടോപിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. ദീപകിനെതിരെ തമിഴ്‌നാട്, കേരള, കർണാടക സംസ്ഥാനങ്ങളിൽ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാളെ ഇപ്പോൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ദീപക്കിനെ ചോദ്യം ചെയ്യാനായി കേരള പൊലീസ് തമിഴ്നാട്ടിലേക്ക് തിരിക്കും.
അതേ സമയം മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം കാണാൻ ചെന്നൈയിൽ നിന്ന് ബന്ധുക്കളെത്തി. ചെന്നൈ സ്വദേശിയായ ശ്രീനിവാസന്റെ ബന്ധുക്കളാണ് തൃശൂർ മെഡിക്കൽ കോളജിൽ എത്തിയത്. അരവിന്ദ് എന്ന പേരിൽ പൊലീസ് തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചയാളുടെ മൃതദേഹം ചെന്നൈയിൽ നിന്നെത്തിയ സംഘം മോർച്ചറിയിലെത്തി കണ്ടെങ്കിലും തിരിച്ചറിയാനായിട്ടില്ല. രേഖകൾ പരിശോധിച്ചും പൊലീസ് നൽകിയ ഫോട്ടോ പരിശോധിച്ചും മൃതദേഹം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാവുമെന്നാണ് ബന്ധുക്കൾ പ്രതീക്ഷിക്കുന്നത്.