പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ കാന്‍റീന്‍ വന്‍ വിജയം. അതിജീവനത്തിന്‍റെ പുത്തൻ മാതൃകയുമായി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവരികയാണ് അഞ്ചംഗ സംഘം. കഴിഞ്ഞ ഡിസംബർ പതിമൂന്നിന് പാലക്കാട് കലക്‌ട്രേറ്റിന് സമീപം ആരംഭിച്ച കാന്‍റീൻ ഒരു മാസം പിന്നിടുമ്പോഴേക്കും പാലക്കാട്ടെ പ്രിയ ഭക്ഷണശാലയായി മാറിയിരിക്കുകയാണ്. കടും ചായ മുതൽ ചോറും മീൻ കറിയും വരെയൊരുക്കിയാണ് ഇവർ ഭക്ഷണ പ്രിയരെ കാന്‍റീനിലേക്ക് ക്ഷണിക്കുന്നത്. കലക്‌ട്രേറ്റില്‍ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ആശ്വാസമാണ് ട്രാൻസ്ജെൻഡർ കാന്റീൻ.
ഒരു വർഷം മുൻപ് ജില്ലയിലെ ട്രാൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച കുടുംബശ്രീ യൂണിറ്റിലാണ് സ്വയം തൊഴിലെന്ന നിലയിൽ കാന്റീൻ എന്ന ആശയം ഇവർ മുന്നോട്ട് വച്ചത്. കലക്‌ടറുടെയും ജില്ലാ പഞ്ചായത്തിന്‍റെയും സാമൂഹ്യനീതി വകുപ്പിന്‍റെയും പിന്തുണ കൂടിയായപ്പോൾ ഭക്ഷണശാലയെന്ന സ്വപ്‌നം സഫലീകരിക്കുകയായിരുന്നു.
പ്രാതലും ഉച്ചഭക്ഷണവും എണ്ണ പലഹാരങ്ങളുമൊക്കെയായി വിഭവ സമൃദ്ധമായ കാൻറീനിൽ തിരക്കൊഴിഞ്ഞ നേരമില്ല. ഭക്ഷണത്തിൽ മായമോ കൃത്രിമ രുചിക്കൂട്ടുക്കളോ ചേർക്കില്ലെന്ന തങ്ങളുടെ നിർബന്ധമാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമെന്ന് ഇവർ പറയുന്നു.