പാലക്കാട്: അതിഥി തൊഴിലാളികളുടെ അഭാവത്തിൽ നെൽ കൃഷി ഏറ്റെടുത്ത് കുട്ടികൾ. പട്ടാമ്പി ആലിക്കപറമ്പിലാണ് ഒരു കൂട്ടം വിദ്യാർഥികൾ കാർഷിക മേഖലയിൽ വിജയക്കൊടി പാറിക്കാൻ തെളികണ്ടത്തിൽ ഇറങ്ങിയത്. പട്ടാമ്പി ആലിക്കപറമ്പ് കരിങ്കറ പാടത്ത് എത്തിയാൽ കുട്ടി കൂട്ടത്തിന്‍റെ ഞാറ് നടീൽ കാണാം.
കർഷകനായ ആലിക്കപറമ്പ് ചേളമ്പറ്റകുന്ന് രാമകൃഷ്ണൻ പാട്ടത്തിനെടുത്ത നാല് ഏക്കർ സ്ഥലത്താണ് ഏഴ് വിദ്യാർഥികൾ ചേർന്ന് ഞാറ് നടീൽ തുടങ്ങിയത്. കൃഷിയുടെ ഉപദേശങ്ങൾ ഇവർക്ക് പകർന്ന് നൽകി രാമകൃഷ്ണനും കൂടെയുണ്ട്. ലോക്ക് ഡൗൺ കാലത്ത് പ്രദേശത്ത് കപ്പയും കൂർക്കയും കൃഷി ചെയ്തും ഇവർ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാവിലെ ഏഴ് മണിക്ക് പാടത്തിറങ്ങുന്ന കുട്ടികൾ നേരം ഇരുട്ടുന്നത് വരെ ഞാറ് നടും. ഹൈസ്കൂൾ മുതൽ ബിരുദതലം വരെ പഠിക്കുന്നവരുണ്ട് ഇക്കൂട്ടത്തിൽ. കഴിഞ്ഞ വർഷം അതിഥി തൊഴിലാളികളാണ് ഈ പ്രദേശങ്ങളിൽ ഞാറ് നട്ടത്.