പാലക്കാട്: ഷൊർണൂരിനടുത്ത് കുളപ്പുള്ളിയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന നിലയില്‍. രണ്ടു ദിവസം മുൻപാണ് കുളപ്പുള്ളിയിലെ ചിന്താമണി ജംഗ്ഷൻ, ആലിൻചുവട്, സൗപർണികാനഗർ, നെടുങ്ങോട്ടൂർ, മഞ്ഞക്കാട്, ഗണേശഗിരി എന്നിവിടങ്ങളിലായി ഏഴ് തെരുവ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്.
നഗരസഭയിലെ ശുചീകരണ തൊഴിലാളികളാണ് ജഡം കണ്ടെത്തിയത്. തുടർന്ന് രണ്ടു നായകളുടെ ജഡം മണ്ണുത്തി വെറ്റിനറി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂർച്ചയുള്ള എന്തെങ്കിലും ആയുധം ഉപയോഗിച്ച് കുത്തിയതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തെരുവ് നായ ശല്യം രൂക്ഷമായ ഇവിടെ ഒരാഴ്ച മുൻപ് അഞ്ചു വയസ്സകാരനുൾപ്പടെ ആറു പേർക്ക് നായകളുടെ കടിയേറ്റിരുന്നു.