പാലക്കാട്: ചുനങ്ങാട് മേഖലയിൽ തെരുവുനായ ആക്രമണം വ്യാപകം. രണ്ട് നായ്ക്കളുടെ കടിയേറ്റ് വിദ്യാർഥികളും കുട്ടികളുമടക്കമുള്ള 25 പേർക്ക് പരിക്കേറ്റു. ചുനങ്ങാട് പഴയ പോസ്റ്റ് ഭാഗത്തുനിന്ന് തുടങ്ങിയ തെരുവുനായ്ക്കളുടെ പരാക്രമം പിലാത്തറയിലേക്കും അവിടെനിന്ന് ചുനങ്ങാട്ടെ വിവിധ സ്ഥലങ്ങളിലേക്കും വ്യാപിച്ചു.
ചുനങ്ങാട് സ്കൂൾ പരിസരം, മുരുക്കുംപറ്റ, വെള്ളക്കുന്ന്, കല്ലടി, പിലാത്തറ, ചുനങ്ങാട് നിലംപതി തുടങ്ങിയ സ്ഥലങ്ങളിലുള്ള എട്ട് കുട്ടികളടക്കമുള്ള 25 ഓളം പേർക്കാണ് കടിയേറ്റത്. വിദ്യാർഥിക്കും രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മയ്‌ക്കും കടയിലേക്ക് പോയവർക്കുമാണ് കടിയേറ്റത്. ഇരുചക്രവാഹനങ്ങൾക്കുനേരെയും നായ്ക്കൾ ചാടിയടുത്തു.
Also Read: കഞ്ചിക്കോട് ജുമാ മസ്‌ജിദ് മോഷണം; ഭണ്ഡാരം തകര്‍ത്ത് പണവുമായി മുങ്ങി
മറ്റ് തെരുവുനായ്ക്കൾക്കും നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പുലർച്ചെ അഞ്ചിന് തുടങ്ങിയ നായകളുടെ അക്രമം ഉച്ചവരെ നീണ്ടു. ഒരു നായയെ കല്ലടി പച്ചിലക്കുണ്ട് ഭാഗത്തും മറ്റൊന്നിനെ ചുനങ്ങാട് കിണർ സ്റ്റോപ്പിന് സമീപവുമാണ് അവസാനമായി കണ്ടത്.
പരിക്കേറ്റവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. പരിക്കേറ്റവരുടെ ചികിത്സയ്‌ക്കും തെരുവുനായ്ക്കൾക്ക് കുത്തിവെയ്പ് നൽകാനും അമ്പലപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു.