പാലക്കാട്: ജില്ലയിലെ കൊപ്പം-വിളയൂർ പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണം പൂർത്തിയായി. പ്ലാന്‍റിന്‍റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം പൂർത്തിയാകുന്നതിനോടൊപ്പം തന്നെ വിതരണ ശൃംഖലയുടെ നിർമാണവും നടന്നു വരികയാണ്. വിതരണ ശൃംഖലയടക്കമുള്ള ഈ പദ്ധതിക്കായി 56 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത്. 14 കോടി രൂപയാണ് പ്ലാന്‍റിനായി വകയിരുത്തിയത്. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും രണ്ട് കോടിയും ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 34 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
കൊപ്പം-പുലാമന്തോൾ പാതയുടെ ഇരു വശത്തു കൂടെയുള്ള പ്രധാന പൈപ്പ് ലൈനിൽ നിന്നും മറ്റിടങ്ങളിലേക്ക് പൈപ്പ് ഇടുന്ന പ്രവർത്തനങ്ങളാണ് ഇനി നടക്കാനുള്ളത്. ജല ജീവൻ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷൻ എത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വേനലിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഒരു പ്രദേശത്തിനാകെ ആശ്വസമാകും.