പാലക്കാട്: സാമൂഹിക സേവനങ്ങൾ നടത്തി മാതൃകയാവുകയാണ് 'സ്‌നേഹവീട്' എന്ന വാട്ട്‌സാപ്പ് കൂട്ടായ്‌മ. കേരളത്തിന്‍റെ പല ഭാഗങ്ങളിലുള്ള 33 സുഹൃത്തുക്കൾ ചേർന്നാണ് വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. നേരമ്പോക്കിന് തുടങ്ങിയ വാട്ട്സാപ്പ് കൂട്ടായ്‌മ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വാട്ട്‌സാപ്പ് കൂട്ടായ്‌മയിലെ അംഗങ്ങളായ ഡോ. മനു, ഡോ. വൈശാഖ്, അരുൺ, ഷൈജു, അഖിൽ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സാമൂഹ്യക്ഷേമ പരിപാടികളാണ് അട്ടപ്പാടിയിൽ നടത്തിയത്.
ആദ്യം അട്ടപ്പാടിയിലെ നവജാത ശിശുക്കൾക്ക് കമ്പിളി വസ്‌ത്രങ്ങൾ കൈമാറി. രണ്ടാമതായി ഡോ. ഷാനവാസ് സ്‌മാരക ട്രൈബൽ ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ കൈമാറി. മൂന്നാമതായി കള്ളക്കര ഊരിലെ സാമൂഹ്യ പഠനമുറിയിലെ 70 പേർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു.