പാലക്കാട്: സൈലന്‍റ് വാലി വനത്തില്‍ നിന്നും കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജനായുള്ള തെരച്ചില്‍ ഒമ്പതാം ദിവസവും തുടരുന്നു. തമിഴ്‌നാട്ടിലെ മുക്കുത്തി നാഷണല്‍ പാര്‍ക്കിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. സൈലന്ദ്രി വനത്തില്‍ സ്ഥാപിച്ച മുപ്പതോളം കാമറകള്‍ ദിവസവും പരിശോധിക്കുന്നുണ്ട്.
എന്നാല്‍ രാജനെ സംബന്ധിച്ച യാതൊരും വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഒറ്റപ്പെട്ട ഗുഹകള്‍, പാറക്കെട്ടുകള്‍, മരപ്പൊത്തുകള്‍ എന്നിവിടങ്ങളിലാണ് 150ഓളം വരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. അഗളി പൊലീസ് കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്.
ചൊവ്വാഴ്‌ച രാത്രി മുതലാണ് രാജനെ കാണാതാവുന്നത്. വാച്ചിങ് ടവറിന്‍റെ അടുത്തായി രാജന്‍റേതെന്ന് കരുതുന്ന വസ്ത്രവും ചെരിപ്പും കണ്ടെത്തിയിരുന്നു. രാത്രി മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ച് ടവറിലേക്ക് മടങ്ങുന്ന ചെറിയ സമയത്തിനുള്ളിലാണ് രാജനെ കാണാതായത്.
തുടര്‍ന്ന് കുടുംബം ദുരൂഹത ആരോപിച്ചു. ഫോറസ്റ്റും തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്നാണ് നിലവില്‍ പരിശോധന നടത്തുന്നത്. ശനിയാഴ്‌ച വയനാട്ടില്‍ നിന്നുള്ള അഞ്ച് ട്രാക്കിങ് വിദഗ്ദ്ധര്‍ വനം വകുപ്പ് സംഘത്തിനൊപ്പം ചേരും.
ഇവരുടെ നേതൃത്വത്തിലായിരിക്കും തെരച്ചില്‍ നടത്തുക. അഗളി ഡിവൈഎസ്‌പിയുടെ കീഴിലുള്ള 150 സേനാംഗങ്ങള്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും തെരച്ചില്‍ നടത്തുന്നുണ്ട്.