പാലക്കാട് : വടക്കൻ സിക്കിമിൽ സൈനിക ട്രക്ക് അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വൈശാഖിന്‍റെ (26) മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം ഞായറാഴ്ച പകൽ ഒരുമണിയോടെ പശ്ചിമ ബംഗാളിലെ ബാഗ്‌ദോഗ്ര എയർപോർട്ടിൽ നിന്ന് ഹൈദരാബാദ് വഴി വൈകിട്ട് ആറോടെ കോയമ്പത്തൂരെത്തും. അവിടെ മധുക്കരയിലുള്ള ആർമി യൂണിറ്റ് മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് അതിർത്തിയായ വാളയാറിൽ ജില്ല ഭരണാധികാരികളും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങുന്ന മൃതദേഹം രാത്രി ഒമ്പതോടെ മാത്തൂരിലെ വീട്ടിലെത്തിക്കും.
സംസ്ഥാന സര്‍ക്കാരിനായി മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി റീത്ത് സമര്‍പ്പിക്കും. തിങ്കളാഴ്ച രാവിലെ എട്ടിന് മാത്തൂർ ചെങ്ങണിയൂർ എയുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി സ്കൂളിലെത്തി റീത്ത് സമർപ്പിക്കും. 12ന് പാമ്പാടി ഐവർമഠത്തിൽ ഔദ്യോഗിക ബഹുമതിയോടുകൂടി സംസ്കരിക്കും.
മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവൻ വിജയകുമാരി ദമ്പതികളുടെ മകനാണ് വൈശാഖ്. എട്ടുവർഷമായി സൈന്യത്തില്‍ ജോലിചെയ്യുന്ന വൈശാഖ് 221 ഫീൽഡ് റെജിമെന്‍റിലെ നായികയാണ്. വി.കെ ശ്രീകണ്ഠൻ എംപി, കെഡി പ്രസേനൻ എംഎൽഎ, സിപിഎം മാത്തൂർ ലോക്കൽ സെക്രട്ടറി വി.രാധാകൃഷ്ണൻ എന്നിവര്‍ വൈശാഖിന്‍റെ വീട് സന്ദര്‍ശിച്ചു. വൈശാഖ് പഠിച്ച കുത്തനൂർ ഹൈസ്കൂളിലെയും തോലനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെയും സഹപാഠികളും നാട്ടുകാരും അടക്കം നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകുന്നത്.