പാലക്കാട് : ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശി സുനിൽ ദാസാണ് (35) ക്വാറിയിൽ കാൽവഴുതി വീണതിനെ തുടര്‍ന്ന് മരിച്ചത്. ഷോളയൂർ വയലൂർ റോഡിലെ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് സമീപമുള്ള പഴയ ക്വാറിയിലാണ് സംഭവം.
ഭാര്യയോടും മകനോടുമൊപ്പം ക്വാറി കാണാനെത്തിയ സുനില്‍, വെള്ളക്കെട്ടിലേക്ക് എത്തി നോക്കിയ സമയത്താണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്‌ച ഉച്ചയോടെയുണ്ടായ സംഭവത്തില്‍ വൈകുന്നേരം ആറ് മണിയോടെ മൃതദേഹം കണ്ടെത്തി. അഗ്നിശമന സേനയും ഷോളയൂർ പോലീസും നാട്ടുകാരും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.