പാലക്കാട്: ഫോണ്‍വിളി വിവാദത്തില്‍ എം. മുകേഷ് എംഎല്‍എക്കെതിരെ കടുത്ത വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. 'സത്യം പുറത്ത് വന്നില്ലായിരുന്നെങ്കിൽ, ഞാനും, ഇനിയും ജനിച്ചിട്ടില്ലാത്ത എന്‍റെ ബന്ധു ബാസിതും ഇപ്പോഴും സൈബർ ലിഞ്ചിങ്ങിനു വിധേയരായി കൊണ്ടിരിക്കുകയായിരിക്കും' എന്ന് അദ്ദേഹം തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഒറ്റപ്പാലത്തെ CITU ക്കാരനായ നാരായണേട്ടന്‍റെ മകനായ ബാലസംഘം പ്രവർത്തകൻ വിഷ്ണുവാണ് ആ ഫോൺ വിളിച്ചത് എന്ന സത്യം പുറത്ത് വന്നില്ലായിരുന്നെങ്കിൽ, ഞാനും, ഇനിയും ജനിച്ചിട്ടില്ലാത്ത എന്‍റെ ബന്ധു ബാസിതും ഇപ്പോഴും സൈബർ ലിഞ്ചിങ്ങിനു വിധേയരായി കൊണ്ടിരിക്കുകയായിരിക്കും.
നുണ ബോംബുകൾ നിർമ്മിക്കുന്ന CPM ഫാക്ടറികൾ പടച്ച് വിടുന്ന ആസൂത്രിത കള്ളങ്ങൾ എത്ര പെട്ടന്നാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് എന്നു നോക്കൂ.
കള്ളമാണെന്ന് അറിഞ്ഞും പ്രചരണം നടത്തുന്നവർ , സത്യമാണെന്ന് കരുതി അത് വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും,ശരിയാണോ എന്നറിയാൻ വിളിച്ച് അന്വേഷിക്കുന്നവര്‍ അങ്ങിനെ എല്ലാവരിലേക്കും ഈ ബോംബിന്‍റെ പ്രഹര ശേഷി എത്തുന്നുണ്ട് .
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എല്ലാ പിന്തുണയുമുണ്ടാവും. പക്ഷെ 'സത്യാനന്തര കാലത്തെ' സിപിഎം നുണ ഫാക്ടറികൾ അടച്ച് പൂട്ടാനുള്ള ഉത്തരവ് കൂടി പാർട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കും .
കുറഞ്ഞ പക്ഷം ഇതൊക്കെ സത്യമാണെന്ന് വിശ്വസിച്ച് പോരുന്ന പാവം സിപിഎം പ്രവർത്തകരെങ്കിലും വഞ്ചിതരാവതിരിക്കുമല്ലൊ .
NB:- ഓൺലൈൻ പഠനത്തിന് മൊബൈൽ ആവശ്യമായ കുട്ടികളുടെ നീണ്ട ഒരു പട്ടിക കയ്യിലുണ്ട് . കഴിയാവുന്നത്ര കൊടുക്കുവാൻ ശ്രമിക്കുന്നുണ്ട് . ആർക്കെങ്കിലും സഹായിക്കുവാൻ താൽപ്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടണേ..
9847980006
ഫോണ്‍വിളി വിവാദം തുടര്‍കഥ
രാത്രി 11 മണിക്ക് ശേഷം തന്നെ വിളിച്ച ആരാധകനോട് പണ്ടൊരിക്കല്‍ മുകേഷ് പൊട്ടിത്തെറിച്ചത് വലിയ വാര്‍ത്ത ആയിരുന്നു. ഇപ്പോഴിതാ മുകേഷ് വീണ്ടും ഫോണ്‍ വിളി വിവാദത്തില്‍ പെട്ടിരിക്കുകയാണ്.
''അന്തസ്സ് വേണമെടാ അന്തസ്സ്'' എന്നാണ് അന്ന് ആരാധകനോട് ചൂടായത് എങ്കില്‍ തന്‍റെ നമ്പര്‍ തന്ന കൂട്ടുകാരന്‍റെ 'ചെവിക്കുറ്റി നോക്കി വീക്കാനാണ്' കഴിഞ്ഞ ദിവസം മുകേഷ് തന്നെ വിളിച്ച കുട്ടിയോട് പറയുന്നത്.
മുകേഷിന്‍റെ ആരോപണങ്ങള്‍ പൊളിയുന്നു
സംഭവം വിവാദമായതോടെ എംഎല്‍എ വീഡിയോയിലൂടെ വിശദീകരവുമായി രംഗത്ത് വരികയുണ്ടായി. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് വീണ്ടും വേറൊരു വിശദീകരണം വേണ്ടിവരും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പത്താം ക്ലാസ് വിദ്യാര്‍ഥി സഹായം ചോദിച്ച് വിളിച്ചത് ആസൂത്രിത ആക്രമണമാണ് എന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് എന്നും എംഎല്‍എ പറയുന്നു.
കുട്ടികളെ ഉപയോഗിച്ച് ഫോണില്‍ വിളിക്കുകയും എന്നിട്ട് അത് റെക്കോര്‍ഡ് ചെയ്യുകയുമാണത്രെ. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും എംഎല്‍എ പറയുന്നുണ്ട്. ഇത്തരം കോളുകള്‍ പ്ലാന്‍ ചെയ്ത് വിളിക്കുന്നതാണെന്നും ഇത് വരെയും അവര്‍ക്ക് തന്നെ പ്രകോപിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നും മുകേഷ് പറയുന്നുണ്ട്.
കത്തും മുന്‍പ് തീയണച്ച് സിപിഎം
ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ സിപിഎം അനുഭാവിയുടെ മകനാണ് എംഎൽഎയെ വിളിച്ച പത്താംക്ലാസുകാരനെന്ന് വിവരം പുറത്തുവന്നതോടെയാണ് പാർട്ടി അടിയന്തരമായി ഇടപെട്ടത്. കുട്ടി ബാലസംഘം നേതാവാണെന്നും പിതാവ് സിഐടിയു നേതാവാണെന്നും പറഞ്ഞായിരുന്നു പാർട്ടി ഇടപെടൽ.
തുടർന്ന് മണിക്കൂറുകളോളം കുട്ടിയുമായി സിപിഎം നേതാക്കൾ സംസാരിച്ചിരുന്നു. കുട്ടിയെ ആദ്യം സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്‍റെ വീട്ടിലും പിന്നീട് പാറപ്പുറം ലോക്കൽക്കമറ്റി ഓഫിസിലും തുടർന്ന് സിഐടിയു പ്രാദേശിക ഓഫിസിലും എത്തിച്ചു.
എന്തായാലും വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ സിപിഎം നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ വലിയ വിവാദത്തിലായിട്ടുണ്ട്. ഇന്നലെ വരെ സാമൂഹ്യമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നായിരുന്നു സിപിഎം വാദം.