പാലക്കാട് : ആദിവാസികളെ ചൂഷണം ചെയ്യുന്ന എൻജിഒകൾക്ക് കടിഞ്ഞാണിടണമെന്ന് എസ്‍സി എസ്‌ടി കമ്മിഷൻ അംഗം എസ്.അജയകുമാർ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജോലിയിൽ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസിനെതിരെ എസ്‌സി എസ്‌ടി കമ്മിഷൻ കേസ് എടുത്തിട്ടുണ്ട്. പട്ടിക വർഗക്കാരുടെ പരാതിയെ തുടർന്നാണ് നടപടി.
വാസയോഗ്യമല്ലാത്ത വീട് നിർമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും ഇതിന്‍റെ മറവിൽ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഭൂമി കൈക്കലാക്കിയ ശേഷം ആയുർവേദ നിര്‍മാണ കമ്പനികൾക്ക് വിറ്റ് പണമാക്കിയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിലാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതിവർഷം കേന്ദ്ര സർക്കാരിന്‍റെ 350 കോടി സന്നദ്ധ സംഘടനകള്‍ വഴി അട്ടപ്പാടിയിൽ എത്തുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ അറിവോടെയല്ല ഇത് പലതും എത്തുന്നത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് അന്വേഷണം ആവശ്യപ്പെടുമെന്നും എസ്.അജയകുമാർ പറഞ്ഞു.
എച്ച്.ആർ.ഡി.എസിനെതിരായ പട്ടികജാതി-പട്ടികവർഗ കമ്മിഷന്‍റെ അന്വേഷണം ആരുടെയെങ്കിലും നിയമനത്തിന് പിന്നാലെയല്ല. നിയമനം അവരുടെ സ്വന്തം കാര്യമാണ്. അതിൽ കമ്മിഷൻ ഇടപെടില്ല. എന്നാൽ ആദിവാസി ചൂഷണ പരാതി വന്നാൽ കമ്മിഷൻ ഇടപെടും. അന്വേഷണത്തിൽ രാഷ്ട്രീയമില്ലെന്നും എസ്. അജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
എൻജിഒകള്‍ക്ക് വരുന്ന തുക വിനിയോഗത്തിന്‍റെ മേൽനോട്ട ചുമതല സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും എസ്. അജയകുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ധരിപ്പിക്കും. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും എച്ചആര്‍ഡിഎസിനെതിരെയുണ്ടെന്നും ഇതും കമ്മിഷൻ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എച്ച്ആർഡിഎസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കലക്‌ടർ, എസ്‍പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും പട്ടികജാതി-പട്ടികവർഗ കമ്മിഷൻ നിർദേശിച്ചു.