പാലക്കാട്: ജില്ലയിലെ സാന്ത്വന സ്‌പർശം പരാതി പരിഹാര അദാലത്തിന്‍റെ മൂന്നാംദിനം നേരിട്ട് ലഭിച്ചത് 1208 പരാതികൾ. ഇതിൽ 607 പരാതികൾക്ക് പരിഹാരമായി. 601 പരാതികൾ തുടർനടപടികൾക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിനായി ലഭിച്ച 302 അപേക്ഷകളിലായി 86,90,500 രൂപയാണ് അദാലത്തിലൂടെ അനുവദിച്ചത്. മണ്ണാർക്കാട് താലൂക്കിലാണ് അദാലത്ത് നടന്നത്.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 185 ഉം തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 125 ഉം പരാതികളാണ് ലഭിച്ചത്. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് കിട്ടിയ 16 പരാതികളിൽ മൂന്നെണ്ണം തീർപ്പാക്കുകയും 13 പരാതികൾ തുടർനടപടികൾക്കായി കൈമാറുകയും ചെയ്‌തു. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് 37 പരാതികളാണ് ലഭിച്ചത്. സിവിൽ സപ്ലൈസ് മുഖാന്തിരം ലഭിച്ച 186 പരാതികളിൽ 22 എണ്ണം തീർപ്പ് കൽപ്പിക്കുകയും 164 എണ്ണം തുടർനടപടികൾക്കായി മാറ്റിവെയ്ക്കുകയും ചെയ്‌തു. മറ്റു വകുപ്പുകളിലായി 357 പരാതികൾ ലഭിച്ചതിൽ 280 പരാതികൾ തീർപ്പാക്കുകയും 17 പരാതികൾ തുടർനടപടിയ്ക്കായി വിവിധ വകുപ്പുകൾക്ക് കൈമാറുകയും ചെയ്‌തു.
ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി, കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. ജില്ലാ കലക്‌ടർ മൃൺമയി ജോഷി ശശാങ്കൻ, ഒറ്റപ്പാലം സബ്ബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജ്ജുൻ പാണ്ഡ്യൻ, നോഡൽ ഓഫീസർ സൗരവ് ജെയ്ൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.