പാലക്കാട് : ശബരി എക്‌സ്പ്രസില്‍ രേഖകളില്ലാതെ കടത്തിയ 62.5 പവൻ സ്വർണവും 11.85 ലക്ഷം (11,85,790) രൂപയും കോയമ്പത്തൂരിൽ ആർപിഎഫ് പിടിച്ചെടുത്തു. ആർപിഎഫ് സബ് ഇൻസ്പെക്ടർ ഗോകുൽ യാദവിന്റെ നേതൃത്വത്തിലുള്ള ക്രൈം പ്രിവൻഷൻ ഡിറ്റൻഷൻ സ്ക്വാഡാണ് പരിശോധന നടത്തിയത്. സ്വർണവും പണവും കടത്തിയ കോയമ്പത്തൂർ തിരുനഗർ കുറിഞ്ഞി ഗാർഡൻ സ്വദേശി ഉദയാനന്ദം (50) പിടിയിലായി.
ശബരി എക്‌സ്പ്രസില്‍ തിരുപ്പൂരിനും കോയമ്പത്തൂരിനും ഇടയിൽ ആർപിഎഫ് സംഘം നടത്തിയ പരിശോധനയിൽ ഉദയാനന്ദത്തെ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. ബില്ലോ മറ്റ് രേഖകളോ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞില്ല.
ഇയാളിൽനിന്ന് ജ്വല്ലറി അസോസിയേഷന്‍റെ കാർഡ് കണ്ടെത്തി. കേരളത്തിലെ ജ്വല്ലറിയിലേക്കാണ് സ്വർണം കടത്തിയതെന്നാണ് ആർപിഎഫിന്റെ സംശയം. ആർപിഎഫ് ടീം അംഗങ്ങളായ മുരുഗാനന്ദം, വിദ്യാധരൻ, വെടിമുത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണവും പണവും ആദായനികുതി വകുപ്പിന് കൈമാറി.