പാലക്കാട്: പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി കൂടാതെ എലിപ്പനിയും മലമ്പനിയും റിപ്പോർട്ട് ചെയ്‌തു. നവംബർ ഒന്ന് മുതൽ ഡിസംബർ മൂന്നു വരെ 19 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഒരു മരണവുമുണ്ട്.
നാല് പേർക്ക് മലമ്പനിയും റിപ്പോർട്ട് ചെയ്‌തു. 19 പേർക്ക് മഞ്ഞപ്പിത്തവും ഏഴുപേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഇതുകൂടാതെ പനി ബാധിച്ച് ദിവസവും ആയിരത്തിലധികം പേർ ആശുപത്രികളിലെത്തുന്നുണ്ട്.
കൊതുക് നശീകരണം: മലമ്പനി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ കൊതുക് നശീകരണത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും കൊതുകുവലകൊണ്ട് മൂടണം. കൊതുക് കടിയേൽക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്‌ത്രം ധരിക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍ താമസിച്ച് കേരളത്തിലേക്ക് തിരിച്ചുവരുന്നവരിലും അതിഥിത്തൊഴിലാളികളിലും പനിയുണ്ടാകുമ്പോള്‍ രക്തപരിശോധന നടത്തി മലമ്പനിയല്ല എന്ന് ഉറപ്പുവരുത്തണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രം, നഗരാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മലമ്പനിക്ക് ചികിത്സ ലഭിക്കും.
മലിന ജലത്തിൽ ചവിട്ടരുത്: എലികൾ മൂത്രത്തിലൂടെ വിസർജിക്കുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്‌ടീരിയയാണ് എലിപ്പനിക്ക് കാരണമാകുന്നത്. മഴവെള്ളത്തിൽ നിന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നുമാണ് പ്രധാനമായും എലിപ്പനി പകരുന്നത്. രോഗാണുക്കള്‍ കലര്‍ന്ന മലിനജലത്തില്‍ ചവിട്ടുമ്പോഴാണ് രോഗം ബാധിക്കുന്നത്.
മഴക്കാലത്താണ് ഡെങ്കിപ്പനി കൂടുതലായി കാണുന്നത്. കൊതുകാണ് രോഗമുണ്ടാക്കുന്നത്. കൊതുക് നശീകരണം തന്നെയാണ് പ്രധാന പ്രതിരോധം.
ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം). രോഗം ചികിത്സിച്ച് ഭേദമാക്കാമെങ്കിലും കുട്ടികള്‍, നവജാത ശിശുക്കള്‍ എന്നിവരില്‍ ഗുരുതരമായി മാറാനിടയുണ്ട്. ഇങ്ങനെയുള്ളവരില്‍ ജീവിതകാലം മുഴുവന്‍ കരളിന്‍റെ പ്രവര്‍ത്തനം പരിശോധിച്ചറിയാന്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റുകളും കരള്‍ കാന്‍സര്‍ പരിശോധനകളും നടത്തേണ്ടിവരും.