പാലക്കാട്: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. വി.എച്ച്.എസ്.ഇ പരീക്ഷ രാവിലെ ആരംഭിച്ചു. എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷം നടക്കും. ജില്ലയിൽ 199 കേന്ദ്രങ്ങളിലായി 39,266 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 148 കേന്ദ്രങ്ങളിലായി 80536 ഹയർസെക്കൻഡറി വിദ്യാർത്ഥികളും 25 കേന്ദ്രങ്ങളിൽ 3822 വിഎച്ച്എസ്ഇ വിദ്യാർഥികളും ഉൾപ്പെടെ 123624 പേർ പരീക്ഷ എഴുതുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കിയിരുന്നു. ഓരോ പരീക്ഷക്കു ശേഷവും ക്ലാസ് മുറികൾ വീണ്ടും അണുവിമുക്തമാക്കുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചിട്ടുണ്ട്. എൻഎസ്എസിന്‍റെയും ബി ആർ സിയുടെയും കീഴിൽ നിർമിച്ച മാസ്കുകൾ അതത് പഞ്ചായത്ത് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ എത്തിച്ചിരുന്നു.പ്രവേശനകവാടത്തിനടുത്ത് കൈകഴുകാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ സാനിറ്റൈസറുകളും സ്ഥാപിച്ചിട്ടുണ്ട്.
പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾക്ക് ഹാളിലേക്ക് പ്രവേശിക്കാനും പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങാനും പ്രത്യേകം ക്രമീകരിച്ച വഴികളാണ് ഉള്ളത് . ജില്ലയിലെ കണ്ടയ്ൻമെൻറ് സോണുകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിദ്യാർഥികൾക്കായി പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നും 36 വിദ്യാർഥികൾ പരീക്ഷയ്ക്ക് എത്തുന്നുണ്ട്. നിലവിൽ ജില്ലയിലുള്ള ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്ൽമെൻറ് സോണുകളിലും പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടില്ല.
സ്കൂളുകളിൽ തെർമൽ സ്കാനർ പ്രവർത്തനങ്ങളെക്കുറിച്ചും സാനിറ്റൈസർ ഉപയോഗിച്ച് വിദ്യാർഥികൾ കൈ കഴുകേണ്ടതിനെ കുറിച്ചും മാസ്കുകൾ ലഭ്യമാക്കേണ്ടതിനെ സംബന്ധിച്ചും ആരോഗ്യവകുപ്പ് ഇന്നലെ അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു. വിദ്യാർഥികൾ ശാരീരിക അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തിയാണ് അധ്യാപകർ ഇവരെ ഹാളുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഓരോ ക്ലാസുകളിലെയും കുട്ടികളെ 5 മിനിറ്റ് ഇടവിട്ടാണ് പുറത്തേക്ക് അയക്കുക. രക്ഷിതാക്കൾക്ക് സ്കൂളിന് അകത്തേക്ക് പ്രവേശനമില്ല.
വിദ്യാർഥികളെ സ്കൂളുകളിലേക്ക് എത്തിക്കാൻ രാവിലെ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തിയിരുന്നു. 62 സർവീസുകളാണ് ഇന്ന് കെഎസ്ആർടിസി വിദ്യാർഥികൾക്കുവേണ്ടി നടത്തിയത്. ശാരീരിക അകലം പാലിച്ചാണ് കുട്ടികളെ ബസ്സിൽ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. ആരോഗ്യവകുപ്പിന്റെ പരിശോധനയും സ്കൂളിൽ നടക്കുന്നുണ്ട്.